സുശാന്തിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്ക് സംശയം, ദിശയുടെ മരണവുമായി ഇതിനെന്തു ബന്ധം?

പട്‌ന: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സുശാന്ത് കൊല്ലപ്പെട്ടതാണെന്ന് അവര്‍ കരുതുന്നു. വിശദമായ അന്വേഷണം നടത്തണമെന്നും സുശാന്തിന്റെ അമ്മാവന്‍ ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും നടന്‍ ആത്മഹത്യ ചെയ്യില്ലെന്നും ജന്‍അധികാര്‍ പാര്‍ട്ടി നേതാവ് പപ്പു യാദവും പ്രതികരിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തണം. സുശാന്ത് സിങ് രാജ്പുത്തിന്റെ പട്‌നയിലെ വീട്ടില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ, സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയന്‍ ജീവനൊടുക്കി ആറാംദിവസമാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ പതിനാലാം നിലയില്‍നിന്ന് യുവതി ചാടുകയായിരുന്നു. അപകടമരണത്തിനാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.