ശബരിമലയോ അയ്യപ്പന്റെ പേരോ പ്രചരണത്തിൽ വേണ്ട; നിലപാടില്‍ ഉറച്ച് ടിക്കാറാം മീണ

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വര്‍ഗീയ മത വികാരങ്ങളുണര്‍ത്തുന്ന രീതിയില്‍ ശബരിമലയോ അയ്യപ്പന്റെ പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ശബരിമല സ്ത്രീപ്രവേശന വിധി പ്രചാരണത്തില്‍ ഉപയോഗിച്ചാല്‍ പെരുമാറ്റച്ചട്ട ലംഘനമാകില്ല. എന്നാല്‍ അതിന്റെ അതൃപ്തി നിശ്ചയിക്കേണ്ടത് രാഷ്ട്രീയപാര്‍ട്ടികളാണ്.

ഇത് ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ പെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമാക്കണമെന്നും പ്രധാനപ്പെട്ട പത്രങ്ങളില്‍ പരസ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ടിക്കാറാം മീണയുടെ നിർദേശത്തിൽ ബി.ജെ.പി.യും കോണ്‍ഗ്രസും അതൃപ്തി രേഖപ്പെടുത്തി.

അതേ സമയം രാഷ്ട്രീയമായി ശബരിമല വിഷയം ഉന്നയിക്കുന്നതില്‍ തടസമില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതെന്നും അതുകൊണ്ട് തന്നെ ബി.ജെ.പി.മുഖ്യതെരഞ്ഞെടുപ്പ് വിഷയമായി ശബരിമല ഉപയോഗിക്കുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി.