‘ചന്ദ്രൻ ചൊവ്വയുടെ ഭാഗം’- ട്രംപിന്റെ പുതിയ കണ്ടെത്തൽ; ഞെട്ടി ശാസ്ത്രലോകം

വാഷിംഗ്‌ടണ്‍: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ചൊവ്വഗ്രഹത്തിന്റെ ഭാഗമാണെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ പ്രസ്താവന. ചന്ദ്രനിലേക്ക്‌ മനുഷ്യനെ അയയ്‌ക്കുന്നത്‌ സംബന്ധിച്ച ചര്‍ച്ചകള്‍ നാസ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ട്വീറ്റിലാണ്‌ ട്രംപ്‌ ഈ വിവരം പങ്കുവച്ചിരിക്കുന്നത്‌. ട്രംപിന്റെ പുതിയ കണ്ടെത്തലിലും ചാന്ദ്രദൗത്യം അവസാനിപ്പിക്കണമെന്ന ആവശ്യത്തിലും ഞെട്ടിയിരിക്കുകയാണ്‌ നാസയിലെ ശാസ്‌ത്രജ്ഞര്‍.

‘നാസക്കായി ചിലവഴിക്കുന്ന മുഴുവൻ പണവും ചന്ദ്രനിലേക്ക്​ പോകാനായി ഉപയോഗിക്കരുത്​. 50 വർഷം മുമ്പ്​ നമ്മളൊരിക്കൽ ചന്ദ്രനിൽ പോയതാണല്ലോ. ഇനി കുറച്ച്​ കൂടി വലിയ കാര്യങ്ങളിൽ നാസ ശ്രദ്ധിക്കണം. ചന്ദ്രനൊപ്പം ചൊവ്വയെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക്​ നാസ സമയം കണ്ടത്തണം. ചൊവ്വ ചന്ദ്രന്റെ കൂടി ഭാഗമാണല്ലോ”- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്​.’

ചന്ദ്രന്‍ ചൊവ്വയുടെ ഭാഗമാണെന്ന്‌ ഇതുവരെയും ആരും പറഞ്ഞതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. പിന്നെയെവിടെ നിന്നാണ്‌ ഇത്തരമൊരു കണ്ടെത്തല്‍ ട്രംപ്‌ നടത്തിയതെന്ന്‌ ഇനിയും വ്യക്തമായിട്ടില്ല. ട്രംപിന്റെ കണ്ടെത്തലിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ നാസ തയ്യാറായില്ല. അതേസമയം, ട്രംപിനെ ട്രോളി നിരവധി പേരാണ് ട്വീറ്റിന് കമന്റ്‌ ചെയ്‌തിരിക്കുന്നത്‌. 2024ൽ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നീക്കങ്ങളുമായി നാസ മുന്നോട്ട്​ പോവുകയാണ്​ ഇതിനിടയിലാണ്​ ട്രംപിൻെറ ട്വീറ്റ്​ പുറത്ത്​ വന്നിരിക്കുന്നത്​.