ഏഷ്യന്‍ സമൂഹത്തിന് റംസാന് ബറാഹ പദ്ധതികളുമായി ഖത്തര്‍ ചാരിറ്റി

ദോഹ: റംസാനില്‍ ഖത്തര്‍ ചാരിറ്റി നടപ്പിലാക്കുന്ന ബറാഹ പദ്ധതി രാജ്യത്തെ വിവിധ ഏഷ്യന്‍ സമൂഹങ്ങള്‍ക്ക് പ്രയോജനകരമാകുന്നു. റംസാനില്‍ ജനങ്ങള്‍ക്കിടയില്‍ വൈവിധ്യം, ആശയവിനിമയം, സംവാദം എന്നിവ ശക്തപ്പെടുത്തുന്നതില്‍ സാഹചര്യമൊരുക്കുക ഇഫ്താര്‍ വിരുന്നുകള്‍ നടത്തുകയുമാണ് ബറാഹ പദ്ധതിയിലൂടെ ഖത്തര്‍ ചാരിറ്റി ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഖത്തര്‍ ചാരിറ്റിയുടെ കീഴിലുള്ള ഫ്രണ്ട്‌സ് കള്‍ച്ചറല്‍ സെന്റര്‍, ക്ലബ്ബുകള്‍, ഫോറങ്ങള്‍ എന്നിവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നത്.

ഏഷ്യയിലെ മുസ്ലിം സമൂഹങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മലയാളം സംസാരിക്കുന്ന ഇന്ത്യക്കാര്‍, ഇന്തോനേഷ്യന്‍, ഫിലിപ്പിനോ, ബംഗ്ലാദേശി, നേപ്പാളി സമൂഹങ്ങളെയും തുണീഷ്യന്‍ സമൂഹത്തെയുമാണ് ബറാഹ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സമൂഹങ്ങളിലെ 7500 പേര്‍ക്ക് ഈ പദ്ധിയുടെ പ്രയോജനം ലഭിക്കും.

പദ്ധതിയുടെ ഭാഗമായി അല്‍അറബി സ്‌പോര്‍ട്‌സ് ക്ലബ്ബിലും ഖത്തര്‍ സ്‌പോര്‍സ് ക്ലബ്ബിലുമായി ഇഫ്താര്‍ ഒരുക്കിയിട്ടുണ്ട്. ബറാഹയുട ഭാഗമായി സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.ഇസ്ലാമിക മൂല്യങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം ചെലുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ ചാരിറ്റി എക്‌സിക്യുട്ടീവ് മാനേജ്‌മെന്റ് ഓഫ് ലോക്കല്‍ ഓപ്പറേഷന്‍സ് ഖലീല്‍ അല്‍സിദ്ദീഖി പറഞ്ഞു.