ഡോക്ടർമാരുടെ വീടുകളെ വ്യാപാരകേന്ദ്രങ്ങളാക്കരുത്ത്; ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്:

തിരുവനന്തപുരം: ഡോക്ടർമാർ വീട്ടിൽ വച്ച് രോഗികളെ പരിശോധിക്കുന്നത് വ്യാപാരമായി കണക്കാക്കി ട്രേഡ് ലൈസൻസ് ഫീസ് ഈടാക്കാനുള്ള തിരുവനന്തപുരം നഗരസഭയുടെ നീക്കത്തിനെതിരെ ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്. ശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുവാൻ ഡോക്ടർമാരുടെ സംഘടനകളായ കെ.ജി.എം.ഒ എയുടെയും ഐ.എം.എയുടെയും തീരുമാനം. ഒരു സാമൂഹിക സേവനം എന്ന നിലയിലാണ് ഡോക്ടർമാർ വീടുകളിൽ വൈദ്യ പരിശോധന നടത്തുന്നത്. രോഗികളായി എത്തുന്നവരെ ചികിത്സിക്കാതെ തിരിച്ചയക്കുന്നതിലുള്ള ബുദ്ധിമുട്ടും അധാർമികതയും കണക്കിലെടുത്താണ് ഡോക്ടർമാർ വീടുകളിൽ വൈദ്യ പരിശോധനയ്ക്ക് മുതിരുന്നത്. പരിചയക്കാരെയും അയൽക്കാരേയും ബന്ധുക്കളേയുമൊക്കെ പ്രതിഫലേച്ഛ കൂടാതെയാണ് ഡോക്ടർമാർ തങ്ങളുടെ വീടുകളിൽ പരിശോധിക്കുന്നത്. കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ ലഭ്യമാകുന്നതിനാൽ പാവപ്പെട്ട പല രോഗികൾക്കും ഇത് ഏറെ പ്രയോജനപ്രദമാണ്. ഐ.എം.എയും കെ.ജി.എം.ഒ.എയും സംയുക്തമായി ഇറക്കിയ പത്രക്കുറുപ്പിൽ പറയുന്നു.

കേരള സർക്കാരും സ്വകാര്യ വൈദ്യ പരിശോധന സേവനമായി അംഗീകരിച്ചിട്ടുണ്ട്. 2018ലെ ക്ലിനിക്കൽ സ്ഥാപനങ്ങൾ ആക്ട് അനുസരിച്ച് ഡോക്ടർമാർ വീടുകളിൽ ചെയ്യുന്ന വൈദ്യ പരിശോധനയെ ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഡോക്ടർമാർ വീടുകളിൽ ചെയ്യുന്ന വൈദ്യ പരിശോധനയെ കൺസൾട്ടേഷൻ സേവനമായി നിർവചിച്ചിട്ടുമുണ്ട്. തങ്ങളുടെ വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഡോക്ടർമാർ നൽകുന്ന ഈ സേവനത്തെ വ്യാപാരമായി ചിത്രീകരിക്കുന്നത് തീർത്തും അപക്വമായ നടപടിയാണ്. സുപ്രീം കോടതി ഡോക്ടർമാരുടെ സേവനം വ്യാപാരം അല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാൽ ഡോക്ടർമാർക്ക് ട്രേഡ് ലൈസൻസ് ഫീസ് ഏർപ്പെടുത്തുന്നത് ഈ വിധിക്ക് എതിരും നിയമലംഘനവും ആനിന്നും പത്രക്കുറുപ്പിൽ പറയുന്നു.

നഗരസഭയുടെ നടപടിയുമായി സഹകരിക്കാൻ ഡോക്ടർമാരുടെ സംഘടനകൾക്ക് കഴിയില്ലെന്നും. ഈ സംഘടനകളിലെ ഒരു അംഗവും ട്രേഡ് ലൈസൻസ് ഫീസ് നൽകുകയില്ല. ഇത് തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ചാൽ വീടുകളിലെ പരിശോധന പൂർണമായും നിർത്തി വയ്ക്കുകയും ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്നും കെ.ജി.എം.ഒ എ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ എൽ ടി സനൽ കുമാറും ഐ.എം.എ തിരുവനന്തപുരം ഘടകം പ്രസിഡന്റ് ഡോ ജോൺ പണിക്കറും സംയുക്തമായി നടത്തിയ പത്രസമ്മേളത്തിൽ വ്യക്തമാക്കി. അത്തരം സാഹചര്യത്തിൽ ഉണ്ടായേക്കാവുന്ന ഡോക്ടർമാരുടെ കുറവ് പരിഹരിക്കേണ്ട ഉത്തരവാദിത്വം നഗരസഭയ്ക്ക് മാത്രമായിരിക്കുംമെന്നും അവർ കൂട്ടിച്ചേർത്തു.