ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും കൊവിഡ്: കോഴിക്കോട് മെഡി. കോളേജില്‍ നാലു വാര്‍ഡുകള്‍ പൂട്ടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആറ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അസിസ്റ്റന്‍ഡ് പ്രൊഫസര്‍, മൂന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍, രണ്ട് ഹൗസ് സര്‍ജന്‍, നാല് സ്റ്റാഫ് നഴ്‌സ്, ഒരു നഴ്‌സിംഗ് അസിസ്റ്റന്‍ഡ്, ഒരു ഗ്രേഡ് 2 സ്റ്റാഫ്, ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍, ഒരു ഫാര്‍മസിസ്റ്റ് എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 339 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 88 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 251 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും പെടുന്നവരാണ്. ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ട 88 പേരോട് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഹൃദയരോഗ, വൃക്കരോഗ, ത്രിതല കാന്‍സര്‍ സെന്റര്‍ വാര്‍ഡുകളായ മൂന്ന്, നാല്, 36 എന്നിവ അടച്ച് പൂട്ടി. പുറമെ രണ്ട് സ്വകാര്യ ആശുപത്രിയിലെ ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരുന്ന സാഹചര്യത്തില്‍ അവരുടെ ചികിത്സക്കായി പ്രത്യേക ചികിത്സാ സൗകര്യമൊരുക്കുമെന്ന് കളക്ടറേറ്റിലെ അവലോകന യോഗത്തിന് ശേഷം മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.