നിരോധനാജ്ഞ ലംഘിച്ചു; ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മുംബൈ: കര്‍ണാടകയിലെ വിമത എം.എല്‍.എമാരെ കാണാനായി മുംബൈയിലെ ഹോട്ടലിലെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്.

ശിവകുമാറിനോട് തിരികെ പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവകുമാര്‍ ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു നടപടി. ഏഴ് മണിക്കൂറോളം ശിവകുമാറും മിലിന്ദ് ദിയോറയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയിലെ ഹോട്ടലിന് പുറത്ത് കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമത എം.എല്‍.എമാരെ കാണാനായി കാത്തുനിന്നിരുന്നു. എന്നാല്‍ ശിവകുമാറിനെ ഹോട്ടലിനകത്തേക്ക് പൊലീസ് കടത്തിവിട്ടിരുന്നില്ല.