സിനിമയിലെ പ്രണയരംഗങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കണം: സിദ്ധാര്‍ഥ് ശിവ

പ്രണയവിവാഹത്തിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ സംഭവത്തില്‍ഞെട്ടിയിരിക്കുകയാണ് കേരളം. നടന്നത് ദുരഭിമാന കൊലയാണെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധങ്ങളും ഉണ്ടായി. ഇതിന് വേറിട്ട പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ശിവ. സിനിമയില്‍ കാണിക്കുന്ന മുന്നറിയിപ്പ് രംഗങ്ങളില്‍ പ്രണയരംഗങ്ങള്‍ വരുമ്പോള്‍ പുതിയൊരു മുന്നറിയിപ്പ് നല്‍കണമെന്ന് സിദ്ധാര്‍ഥ് ശിവ പറയുന്നു.

ബഹുമാനപ്പെട്ട സെന്‍സര്‍ ബോര്‍ഡ്, ഇനി മുതല്‍ സിനിമയിലെ പ്രണയരംഗങ്ങള്‍ കാണിക്കുമ്പോള്‍ ‘ഈ പ്രണയരംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്ന രണ്ടുപേരും ഒരേജാതിയിലും മതത്തിലും നല്ല കുടുംബത്തിലും ഉളളവരാണെന്ന’ അടിക്കുറിപ്പ് കൂടി കൊടുക്കുക. കാരണം സിനിമയിലെ പ്രണയം കണ്ട് അത് ദിവ്യമാണ്, അനശ്വരമാണ്, കാവ്യാത്മകമാണ്, മതാതീതമാണ് എന്ന് കരുതി സ്വപ്നം കണ്ട് ജാതീം മതോം സമ്പത്തുമൊന്നും നോക്കാതെ പ്രേമിച്ച് നടക്കുന്ന പാവം പിളളേര് മൂന്നാം പക്കം വല്ല വെളളത്തിലും പൊങ്ങും-സിദ്ധാര്‍ഥ് ശിവയുടെ കുറിപ്പാണിത്.