‘വായു’ ചുഴലിക്കാറ്റിന്റെ ഗതിമാറുന്നു; കരയില്‍ വലിയതോതില്‍ നാശമുണ്ടാക്കില്ല

ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ ‘വായു’ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ നേരിയ മാറ്റം. ഇന്നലെ രാത്രി വരെ ഗുജറാത്ത് തീരം ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ചുഴലിക്കാറ്റിന്‍റെ ദിശ മാറിയതായി ഇന്ന് രാവിലെയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. ഗുജറാത്ത് തീരം തൊടാതെ വടക്ക്-പടിഞ്ഞാറ് ദിശയില്‍ ഗുജറാത്ത് തീരത്തിന് സമാന്തരമായി സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് ദ്വാരകയ്ക്ക് സമീപം കടലില്‍ തന്നെ ഇല്ലാതാവും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ എറ്റവും പുതിയ പ്രവചനം.

ഗുജറാത്ത് തീരത്ത് എത്തുമെങ്കിലും ഗതിമാറ്റമുണ്ടായതിനാല്‍ കരയില്‍ വലിയതോതില്‍ നാശമുണ്ടാക്കില്ല. വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്. ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. മാത്രമല്ല കടല്‍ക്ഷോഭം ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ മൂന്നുലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് വ്യോമ – തീവണ്ടി ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ വലിയൊരു സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിരുന്നു. ഉച്ചയോടെ ഗുജറാത്ത് തീരം തൊടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രവചനം.

എല്ലാവരോടും സർക്കാർ നടപടികളോട് സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ഗുജറാത്തിലെ അഡീ. ചീഫ് സെക്രട്ടറി പങ്കജ് കുമാർ അറിയിച്ചു. ജാഗ്രതാ നിർദേശം നൽകിയ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. വേണ്ടത്ര ദുരിതാശ്വാസക്യാമ്പുകൾ തുറക്കണമെന്നും കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകണമെന്നും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അധികൃതർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

ദേശീയ ദുരന്ത നിവാരണ സേനയുടെ 25 ടീമുകളെ ഗുജറാത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഓരോ കമ്പനിയിലും 45 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ബോട്ടുകളും മരങ്ങൾ മുറിച്ച് നീക്കാനുള്ള സാമഗ്രികളും ടെലികോം ഉപകരണങ്ങളും ആവശ്യത്തിന് ഓരോ ടീമിന്‍റെയും പക്കലുണ്ട്. ഇവിടേക്ക് പത്ത് ടീമുകളെക്കൂടി നിയോഗിക്കാൻ ഗുജറാത്ത് സർക്കാർ അഭ്യർത്ഥിച്ചിരുന്നു. നാളെ രാവിലേക്ക് ഈ സംഘങ്ങളും അവിടേക്ക് എത്തും. ഇതോടെ ആകെ 35 കമ്പനി കേന്ദ്രസേന ഇവിടെ രക്ഷാപ്രവർത്തനത്തിനായി എത്തും.