അനുകൂല വിധിയുണ്ടാകാന്‍ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദിലീപ്; താരത്തിന്റെ ചിത്രം പകര്‍ത്തിയവരെ കൈയ്യേറ്റം ചെയ്ത് ഫാന്‍സ്

തിരുവനന്തപുരം: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് ചെറുവള്ളി ജഡ്ജിയമ്മാവന്‍ കോവിലില്‍ സന്ദര്‍ശിച്ചു. അനുകൂല വിധിക്കായി ദിലീപ് പ്രധാന വഴിപാടായ അടനേദ്യവും കരിക്ക് അഭിഷേകവും നടത്തി. വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് ദിലീപ് എത്തിയത്.

കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവിന്റെ കാലത്ത് തിരുവതാംകൂറില്‍ കോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവര്‍മപുരത്തുമഠം ഗോവിന്ദപ്പിള്ളയെയാണ് ജഡ്ജിയമ്മാവനായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ജഡ്ജിയമ്മാവനെ പ്രാര്‍ത്ഥിച്ചാല്‍ കേസുകളില്‍ അനുകൂല കോടതിവിധിയുണ്ടാകുമെന്നാണ് വിശ്വാസം.

ദിലീപ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ചവരെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ കൈയ്യേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രാദേശികചാനലിലെ മാധ്യമപ്രവര്‍ത്തകരേയും ദിലീപ് ഫാന്‍സ് തടഞ്ഞു. ദിലീപിന്റെ ചിത്രമെടുത്ത കുട്ടികളുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി ഫോട്ടോകള്‍ മായ്ച്ചു കളഞ്ഞു. മാധ്യമങ്ങളില്‍ ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനം വാര്‍ത്തായാകാതിരിക്കാനായിരുന്നു ആരാധകരുടേയും കൂട്ടാളികളുടേയും ഭീഷണി. ദര്‍ശനം കഴിഞ്ഞ് ദിലീപ് പുറത്തിറങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. തുടര്‍ന്ന് സെല്‍ഫിയെടുക്കണമെന്ന ഒരു വിഭാഗം ചെറുപ്പക്കാരുടെ ആവശ്യത്തിന് ദിലീപ് വഴങ്ങി.