നടിയെ ആക്രമിച്ച കേസ്: സമയം വേണം, കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്ന് ദിലീപ്

ഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കുന്നതിന് ഇനിയും ഒരാഴ്ച കൂടി സമയം വേണമെന്ന് നടന്‍ ദിലീപ് ആവശ്യപ്പെട്ടു. നാളെ പരിഗണിക്കാന്‍ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നമെന്നും ദിലീപ് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ ഉന്നയിച്ച് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.

കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലുള്ള തുടര്‍വാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി നല്‍കാന്‍ തനിക്ക് ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുള്‍ റോത്തഗിയ്ക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ട്. അതുക്കൊണ്ട് കേസ് ഒരാഴ്ചത്തക്ക് നീട്ടിവെക്കണമെന്നാണ് ദിലീപിന്റെ അപേക്ഷയില്‍ പറയുന്നു. അപേക്ഷ നാളെ ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.