ലാത്തിയില്ലാത്ത പൊലീസുണ്ടോ…? ഉണ്ടല്ലോ….

കഴിഞ്ഞ ദിവസം ഞാനിട്ട FB പോസ്റ്റിൽ നിന്നു തന്നെ ഈയാഴ്ചത്തെ ഡിജെറാത്തി തുടങ്ങാം.

കൊളോണിയൽ ബ്രിട്ടീഷ് ലെഗസി ഇന്ത്യയ്ക്ക് ശേഷിപ്പായും പിന്തുടരാനും തന്ന കാര്യങ്ങളിൽ ഉത്കൃഷ്ടങ്ങളും നികൃഷ്ടങ്ങളും ഉച്ചിഷ്ടങ്ങളും എച്ചിലുകളും വരെയുണ്ട്.

നികൃഷ്ടങ്ങളിൽ ഒന്നാണ് ഒഴിയാഭാണ്ഡം പോലെ നമ്മൾ താലോലിച്ച് കൊണ്ടുനടക്കുന്ന ഇൻസ്പെകർ കേന്ദ്രീകൃത ലാത്തിപ്പൊലീസ്.

ബ്രിട്ടീഷ്കാർ രണ്ടു തരം പൊലീസിനെ ഉണ്ടാക്കി. ഒന്ന് ലണ്ടൻ കേന്ദ്രീകൃത മെട്രോപൊളിറ്റൻ പൊലീസ്.അവരുടെ കയ്യിൽ ലാത്തിയില്ല. ബ്രിട്ടീഷ് മെയിൻലാന്റിലെ സ്വന്തം പൗരൻമാരെ സംരക്ഷിക്കാനുള്ള മര്യാദപ്പൊലീസ് എന്നു പറയാം.ലോകത്തെ മികച്ച മാതൃകാപ്പൊലീസിൽ ഒന്നാണിത്.

രണ്ട്, ബ്രിട്ടീഷ്കാർ സ്കോട്ട്ലന്റ് പോലെ ബലമായി കൂട്ടിച്ചേർത്ത പ്രദേശങ്ങളിലെയും ഇന്ത്യ പോലുള്ള കോളനികളിലെയും രണ്ടാം തരം ആളുകളെ കൈകാര്യം ചെയ്യാനുണ്ടാക്കിയ തല്ലുപൊലീസ്. അതിന്റെ മുഖമുദ്ര ലാത്തി പിടിച്ച ( സബ് ) ഇൻസ്പെക്ടറാണ്. അതിനു മുകളിൽ ഒന്നുമില്ല.ലാത്തിപ്പൊലീസിന്റെ പ്രധാന ദൗത്യം ഇരകളെ വേട്ടയാടലാണ്.

കഷ്ടമെന്നു പറയട്ടെ ,സ്വാതന്ത്ര്യാനന്തരം നമ്മുടെ നാട്ടിൽ കൊളോണിയൽ ലാത്തിപ്പൊലീസ് തന്നെ തുടരുന്നു. ആകെ സംഭവിച്ചത് കതിരിൽ വളം വച്ചതു പോലെ സബ് ഇൻസ്പെക്ടർക്ക് മുകളിൽ കുറെ ആപ്പീസർമാരും ഐ പി എസുകാരും പ്രതിഷ്ഠകളായി എന്നു മാത്രം.

ലാത്തിക്ക് സ്വന്തം ജനങ്ങളെ തിരിച്ചറിയാനും മാനിക്കാനും കഴിവില്ല.തല്ലാനും മൂന്നാം മുറ പ്രയോഗിക്കാനുമേ അറിയൂ. അതിനാൽ വേട്ടയാടലും പീഡനങ്ങളും ലോക്കപ്പ് മരണങ്ങളും തുടർസംഭങ്ങൾ മാത്രം.ഭരണാധികാരികൾ അതിനൊന്നും വലിയ പ്രാധാന്യം കൊടുത്തു കാണാറില്ല.പ്രതിപക്ഷത്തിരിക്കുമ്പോൾ കുരയ്ക്കും. ഭരണം കിട്ടുമ്പോൾ കണ്ടില്ലെന്ന് നടിയ്ക്കും.

നമ്മുടെ പൊലീസ് സേനയിൽ ബിരുദാനന്തര ബിരുദധാരികൾ ഇഷ്ടം പോലെയുണ്ട്. സേനയിൽ ചേരുമ്പോൾ അവരിൽ ഭൂരിപക്ഷവും സ്വത്വ ഗുണ പ്രധാനികളും മനുഷ്യാത്മാക്കളുമാണ്. എന്നാൽ പൊലീസ് ട്രെയിനിംഗ് ക്യാമ്പ് കഴിഞ്ഞിറങ്ങുമ്പോൾ അവരെല്ലാം മൃഗതൃഷ്ണ ബാധിച്ച കാട്ടാളൻമാരും മർദ്ദകരുമായിരിക്കും. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.

This is system failure . Only producing the criminal police , അതേ … നമ്മുടെ ലാത്തിപ്പൊലീസ്.