ധോണിയുടെ ആ ഷോട്ടുകള്‍ ഇനിയില്ല, ഒരു വിജയത്തേരാളി വിരമിക്കുന്നു

റാഞ്ചി: മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ശനിയാഴ്ച വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘നന്ദി, നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദി. ഇന്ന് 7.29 മുതല്‍ ഞാന്‍ വിരമിച്ചതായി കണക്കാക്കുക’, വീഡിയോക്കൊപ്പം അദ്ദേഹം എഴുതി. ഇന്ത്യ കണ്ട മികച്ച വിജയത്തേരാളിയാണ് ധോണി. ഐ.സി.സിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിയ ഏക ക്യാപ്റ്റനാണ് ധോണി. 28 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നതും ധോണിയാണ്. 2007ലെ പ്രഥമ ട്വന്റി 20 ലോകകപ്പും ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ നേടിയത്. 2013ലെ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടിയത് ആ കരുത്തിലാണ്. 2019ലെ ലോകകപ്പ് സെമിഫൈനലില്‍ കിവീസിനോട് തോറ്റ് ഇന്ത്യ പുറത്തായശേഷം ധോണ്‍ി പിന്നീട് മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല. 2004ല്‍ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം കുറിച്ച ധോണി പിന്നീട് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലേക്ക് വളര്‍ന്നു. 350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 73 അര്‍ദ്ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. രണ്ട് അര്‍ദ്ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.