ശബരിമല: സാവകാശ ഹർജി നൽകാൻ ദേവസ്വം ബോര്‍ഡ് തീരുമാനം

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾക്കു പ്രവേശിക്കാമെന്ന വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയിൽ ഹർജി നൽകാൻ തത്വത്തിൽ തീരുമാനം. അന്തിമതീരുമാനം നാളെയുണ്ടാകും. ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്കൊപ്പമാണെന്നു ദേവസം ബോർഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം അറിയിച്ചു.

തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോര്‍ഡെന്ന് മുഖ്യമന്ത്രി തന്ത്രിയും രാജകുടുംബവുമായുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ണായക നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് യോഗം ചേർന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിക്കാൻ ധാരണയായത്. സര്‍വകക്ഷി യോഗത്തിലെ കടുത്ത നിലപാടിന് പിന്നാലെ നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് അയവ് വരുത്തിയിരുന്നു‍. വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡിന് സാവകാശം തേടാമെന്നാണ് പുതിയ നിലപാട്.

സർക്കാർ ഹർജി നൽകണം ഭക്തരുടെ വികാരത്തിനൊപ്പം നിൽക്കണം എന്ന് സര്‍വകക്ഷി യോഗത്തിൽ ആരോപണം ഉയർന്നിരുന്നു. ഹർജി കോടതി തള്ളുമെന്നും ഇതിലൂടെ പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ആരോപണങ്ങൾക്ക് വിലങ്ങിടാമെന്നുമാണ് സർക്കാരിന് കിട്ടിയ നിയമോപദേശം. അതുകൊണ്ടുതന്നെ ഹർജി നല്കുന്നതിന് ബോർഡിന് സർക്കാരിന്റെ മൗനാനുവാദം ഉണ്ട്. മാത്രമല്ല ബോർഡിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രിയും വ്യകത്മാക്കിയിരുന്നു.

പ്രതീക്ഷയോടെയാണ് രാഷ്ട്രീയകക്ഷികളും മതസാമുദായിക സംഘടനകളും സര്‍വകക്ഷിയോഗത്തെ കണ്ടത്. എന്നാല്‍ പ്രശ്നപരിഹാരത്തിന് പുതിയതായി ഒരു നിര്‍ദേശവും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കാഞ്ഞത് രാഷ്ട്രീയനേതാക്കളെ ചൊടിപ്പിച്ചു. വിളിച്ചുവരുത്തി വഞ്ചിച്ചുവെന്ന നിലപാടോടെയാണ് നേതാക്കള്‍ പലരും യോഗസ്ഥലത്ത് നിന്ന് പോയത്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെയാണന്ന് സര്‍വകക്ഷിയോഗത്തിലൂടെ തെളിഞ്ഞെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയുടെ വിമര്‍ശനം.