ശബരിമല ക്ഷേത്രത്തിന്മേല്‍ പന്തളം കൊട്ടാരത്തിനും തന്ത്രിക്കും അവകാശങ്ങളൊന്നുമില്ലെന്ന് മുന്‍ ദേവസ്വം പ്രസിഡന്റ് അഡ്വ. എം രാജഗോപാലന്‍ നായര്‍

ശബരിമല ക്ഷേത്രത്തിനുമേല്‍ പന്തളം രാജകൊട്ടാരത്തിനോ താഴമണ്‍ തന്ത്രിക്കോ യാതൊരുവിധത്തിലുമുള്ള അവകാശങ്ങളില്ലെന്ന് മുന്‍ ദേവസ്വം പ്രസിഡന്റും നിലവിലെ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ അഡ്വ. എം രാജഗോപാലന്‍ നായര്‍ പറയുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കൊച്ചിന്‍ ദേവസ്വം ബോര്‍ഡും 1950ല്‍ രൂപപ്പെട്ടതോടെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളെല്ലാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്കും കൊച്ചിന്‍ രാജകുടുംബത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലേക്കും മാറ്റി. ആ പട്ടികയില്‍പ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലേക്ക് വന്നതാണ് ശബരിമല.

പന്തളം കൊട്ടാരം രണ്ട് ലക്ഷത്തിലധികം രൂപ പണ്ട് കടം വാങ്ങിയിരുന്നു. എന്നാല്‍ ഇത് കൊടുത്തു തീര്‍ക്കാന്‍ പന്തളം കൊട്ടാരത്തിനായില്ല. കൊട്ടാരത്തിന് കടം കൊടുത്തയാള്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നായപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബം ഇടപെട്ടാണ് ഇത് അടച്ചു തീര്‍ത്തത്. ഇതിന് പകരമായി കൊട്ടാരത്തിന്റെ അധികാര പരിധിയില്‍ വരുന്ന പ്രദേശവും 48 ക്ഷേത്രവും തിരുവിതാംകൂറിന് കൈമാറിയെന്നും അഡ്വ. എം രാജഗോപാലന്‍ നായര്‍ പറഞ്ഞു. ഇതിന് തെളിവായി പന്തളം കൊട്ടാരത്തില്‍ നിന്നും 2011ല്‍ സമര്‍പ്പിച്ച നിവേദനത്തില്‍ അവര്‍ തന്നെ ഇക്കാര്യം പറയുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന് തന്ത്രി പറഞ്ഞതിനോടുള്ള പ്രതികരണമായി തന്ത്രിക്ക് അങ്ങനെ ചെയ്യാന്‍ നിര്‍വ്വാഹമില്ലെന്നും തന്ത്രി ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മാനുവലിന്റെ രേഖകള്‍ പ്കരാരം തന്ത്രിക്കെതിരെ അച്ചടക്ക നടപടികള്‍ െൈകക്കൊള്ളാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ചെയ്യാത്തത് നിലവിലെ സാഹചര്യത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനായാണെന്നും അദ്ദേഹം പറഞ്ഞു.