ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനത്തുണ്ടായ വന്‍ അഗ്നിബാധയില്‍ 17 പേര്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു. വടക്കന്‍ ഡല്‍ഹിയിലെ ബവാനാ ഇന്‍ഡസ്ട്രിയല്‍ മേഖലയില്‍ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്ന ഇരു നില കെട്ടിടത്തിലാണ് ശനിയാഴ്ച്ച വൈകി തീപിടിത്തമുണ്ടായത്.

വൈകിട്ട് 6.20നാണ് തീപിടിത്തമുണ്ടായ വിവരം ഫയര്‍ഫോഴ്‌സിനെ ഫോണിലൂടെ അറിയിച്ചത്. 20 ഫയറെഞ്ചിനുകള്‍ മണിക്കൂറുകളോളം തീ നിയന്ത്രിക്കാനുള്ള ശ്രമം നടത്തി. താഴത്തെ നിലയില്‍ നിന്ന് പടര്‍ന്ന തീ പൊടുന്നനെ കെട്ടിടത്തിന്റെ ഇരു നിലകളിലേക്കും പ്രവേശനകവാടങ്ങളിലേക്കും ആളിപ്പടര്‍ന്നു. കെട്ടിടത്തിനുള്ളിലകപ്പെട്ടവര്‍ക്ക് പുറത്തുകടക്കാനാകാത്തവണ്ണം തീ പടര്‍ന്നത് മരണ സംഖ്യ വര്‍ദ്ധിപ്പിച്ചു. രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത് റബ്ബര്‍ ഫാക്ടറിയായിതിനാല്‍ അപകടത്തിന്റെ ആഴം വര്‍ദ്ധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

 

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു പോരുകയാണെന്നും ദുരന്തകാരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.