കൊലവിളി പ്രസംഗം: പി കെ ബഷീറിന് എതിരായ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കി

ഡൽഹി: ഏറനാട് ഏറനാട് എം.എല്‍.എ പികെ ബഷീറിന് എതിരായ കേസ് പിന്‍വലിക്കാനുള്ള തീരുമാനം സുപ്രിം കോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മജിസ്‌ട്രേറ്റ് കോടതി വിധിയും സുപ്രിം കോടതി റദ്ദാക്കി. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് കോടതി വീണ്ടും പരിഗണിക്കാനാണ് സുപ്രിം കോടതിയുടെ നിര്‍ദേശം. പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെ പോസ്റ്റ് ഓഫീസ് അല്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

പാഠപുസ്തക വിവാദത്തില്‍ യൂത്ത് ലീഗ് നടത്തിയ സമരത്തില്‍ പ്രധാന അധ്യാപകന്‍ ജെയിംസ് അഗസ്റ്റിന്‍ കൊല്ലപ്പെട്ട കേസില്‍ സാക്ഷി പറയാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവര്‍ ജീവനോടെ തിരിച്ചുപോകില്ലെന്ന് എന്നായിരുന്നു പികെ ബഷീറിന്റെ വിവാദ പ്രസംഗം. 2008 ല്‍ ആയിരുന്നു വിവാദ പ്രസംഗം നടത്തിയത്. വിഎസ് സര്‍ക്കാര്‍ എടുത്ത കേസ് പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആണ് പിന്‍വലിച്ചത്. ഇത് ചോദ്യം ചെയ്ത് അബ്ദുല്‍ വഹാബ് എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്.