‘ഡെയിലി ദേശര്‍കഥ’ ഇനിയും വായിക്കാം; ഫാസിസത്തിന്റെ പൂട്ടിന് കോടതിയുടെ തിരുത്ത്

ത്രിപുരയിലെ സിപിഎം മുഖപത്രം ‘ഡെയിലി ദേശര്‍കഥ’യുടെ റജിസ്‌ട്രേഷന്‍ റദ്ദാക്കിയതു ത്രിപുര ഹൈക്കോടതി സ്റ്റേ ചെയ്തു. അച്ചടി തുടങ്ങുമെന്നു നടത്തിപ്പുകാരായ ഡെയിലി ദേശര്‍കഥ സൊസൈറ്റി സെക്രട്ടറിയും മുന്‍ എഡിറ്ററുമായ ഗൗതം ദാസ് പറഞ്ഞു. . പശ്ചിമ ത്രിപുര ജില്ലാ മജിസ്ട്രേട്ടിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ പത്രത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നുവെന്നു കഴിഞ്ഞദിവസമാണു റജിസ്ട്രാര്‍ ഓഫ് ന്യൂസ്‌പേപ്പേഴ്‌സ് ഇന്‍ ഇന്ത്യ അറിയിച്ചത്.

പത്രത്തിനെതിരായ നടപടി ബിജെപി സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന്് സിപിഎം ആരോപിച്ചിരുന്നു. പ്രസ് ആന്‍ഡ് റജിസ്‌ട്രേഷന്‍ ഓഫ് ബുക്‌സ് ആക്ട് ലംഘിച്ചെന്നാരോപിച്ച് ഓഗസ്റ്റില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇതിനെതിരെ പത്രം ഹൈക്കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് അജയ് കുമാര്‍ രസ്‌തോഗിയാണ് അനുകൂല വിധി പ്രസ്താവിച്ചത്.
ഈ മാസം ഒന്നിനാണ് അച്ചടി തടഞ്ഞത്.ത്രിപുരയില്‍നിന്ന് നാല് ദശാബ്ദമായി പ്രസിദ്ധീകരിക്കുന്ന ബംഗാളി ദിനപത്രമാണ് ദേശര്‍ കഥ. പ്രചാരത്തില്‍ സംസ്ഥാനത്തെ രണ്ടാമത്തെ ദിനപത്രവും ദേശര്‍ കഥയായിരുന്നു.