സ്വപ്‌ന സുരേഷിന്റെ വീട്ടില്‍ വീണ്ടും കസ്റ്റംസ് റെയ്ഡ്, സന്ദര്‍ശകരെക്കുറിച്ചും അന്വേഷണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് കരുതുന്ന സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റില്‍ വീണ്ടും കസ്റ്റംസ് റെയ്ഡ് നടത്തി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ഉച്ചയോടെ പരിശോധന ആരംഭിച്ചത്. ഡെപ്യൂട്ടി കമ്മീഷണറടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഫ്‌ളാറ്റിലെ സന്ദര്‍ശകരുടെ പട്ടികയടക്കം ഇവര്‍ പരിശോധിക്കും. ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരുടെയും കെയര്‍ ടേക്കറുടെയും മൊഴിയെടുക്കും. ഫ്‌ളാറ്റില്‍ ആരൊക്കെയാണ് വന്നുപോയതെന്നും അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസവും കസ്റ്റംസ് സംഘം സ്വപ്നയുടെ അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ കണ്ടെടുത്തു. സ്വര്‍ണക്കടത്ത് പിടിക്കുന്നതിന് തലേദിവസംതന്നെ സ്വപ്ന ഫ്‌ളാറ്റില്‍നിന്ന് മുങ്ങിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി.