രാജ്‌കുമാറിനെ സ്‌റ്റേഷനില്‍ വെച്ച് ചികിത്സിച്ചെന്ന് വൈദ്യന്റെ വെളിപ്പെടുത്തൽ

നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡിയിൽ മരിച്ച രാജ്‌കുമാറിനെ സ്‌റ്റേഷനിൽ വെച്ച് ചികിത്സിച്ചതായി വൈദ്യന്റെ വെളിപ്പെടുത്തൽ. ജൂണ്‍ 13ന് പരിക്കേറ്റ രാജ്കുമാറിനെ സ്‌റ്റേഷനിലെത്തി പരിശോധിച്ചെന്ന് തൂക്കുപാലം സ്വദേശിയായ വൈദ്യന്‍ പറഞ്ഞു. ലോക്കപ്പിലായിരുന്ന രാജ്കുമാറിന് എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. വീണ് പരിക്കേറ്റെന്നാണ് അന്ന് പോലീസ് അറിയിച്ചിരുന്നതെന്നും വൈദ്യന്‍ പറഞ്ഞു.

പോലീസ് അനധികൃതമായി കസ്റ്റഡിയിൽ വെച്ചിരുന്ന രാജ്‌കുമാറിന് ജൂണ്‍ 13ന് വൈകിട്ട് 3 മണിയോടെ എത്തി ചികിത്സ നൽകി. രാജ്കുമാര്‍ കേസിലെ മൂന്നാം പ്രതിയായ പോലീസ് ഡ്രൈവര്‍ നിയാസാണ് വൈദ്യനെ സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നത്. ഇതിന് പ്രതിഫലമായി 500 രൂപ പോലീസ് നല്‍കിയെന്നും വൈദ്യന്‍ പറഞ്ഞു.

“മുട്ടിനു വയ്യായിരുന്നു. തുടര്‍ന്ന് രാജ്കുമാറിന്റെ മുട്ടില്‍ മരുന്ന് വെച്ചു കെട്ടി. പോലീസ് സ്റ്റേഷനുസമീപത്തെ വൈദ്യശാലയില്‍ നിന്നാണ് മുറിവെണ്ണ വാങ്ങിയത്. പോലീസ് കാന്റീനില്‍ നിന്നാണ് മുറിവെണ്ണ ചൂടാക്കിയത്”- വൈദ്യന്‍ വെളിപ്പെടുത്തി. തൂക്കുപാലം സ്വദേശിയായ വൈദ്യന്റെ മൊഴി അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തിയേക്കും.