കാസ്ട്രോ യുഗത്തിനു അന്ത്യം:ക്യൂബയെ ഇനി മിഗ്വേല്‍ ഡയസ് നയിക്കും.

ഹവാന: ക്യൂബൻ പ്രസിഡന്റ് പദവിയില്‍ റൗള്‍ കാസ്ട്രോയുടെ പിന്‍ഗാമിയായി വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡയസ്–കനാലിനെ പാര്‍ലമെന്റ് നാമനിര്‍ദേശം ചെയ്തു. അറുപത് വർഷം നീണ്ട കാസ്ട്രോ കുടുംബത്തിന്റെ ഭരണത്തിനാണ് ഇതോടെ ക്യൂബയിൽ പരിസമാപ്തിയാകുന്നത്. ബുധനാഴ്ച ചേർന്ന 605 അംഗ സ്റ്റേറ്റ് അസംബ്ലി, കൗൺസിൽ ഓഫ് സ്റ്റേറ്റിനെ തിരഞ്ഞെടുക്കുന്നതിനായി വോട്ടു രേഖപ്പെടുത്തി.

മൂന്നര പതിറ്റാണ്ടു മുന്‍പ് യംഗ് കമ്യൂണിസ്റ്റ് ലീഗ് അംഗമായാണ് മിഗ്വേല്‍ പാര്‍ടിയിലെത്തുന്നത്. ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് മിഗ്വേല്‍. 14 അംഗ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്ന അദ്ദേഹത്തെ 2009ല്‍ റൗള്‍ ഹാവനയിലേക്ക് വിളിച്ചുവരുത്തി ഉന്നതവിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള മന്ത്രിയാക്കി. 2013ല്‍ നാഷണല്‍ അസംബ്ലി മിഗ്വേലിനെ വൈസ് പ്രസിഡന്റാക്കി.

ക്യൂബൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവിയായി റൗൾ കാസ്ട്രോ തന്നെ ഇനിയും തുടരും. ഭരണഘടന പ്രകാരം രാഷ്ട്രത്തെയും സമൂഹത്തെയും നയിക്കുന്ന ശക്തി ഇനിയും കാസ്ട്രോയായിരിക്കും. സാമ്പത്തിക മരവിപ്പ്, ജനസംഖ്യാ പ്രശ്നങ്ങൾ, യുവാക്കൾക്കിടയിലെ ആശങ്കകൾ എന്നിവ കൂടി വരുന്ന ക്യൂബയിൽ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണണം മാറ്റം കൊണ്ടുവരുമെന്നാണു പ്രതീക്ഷ.

കുടുംബത്തിന് പുറത്തുനിന്നൊരാള്‍ ക്യൂബയെ നയിക്കാനെത്തുന്നത്. യങ് കമ്യൂണിസ്റ്റ് ലീഗ് അംഗമായി പാര്‍ട്ടിയിലെത്തിയ ഡയസ് 2013–ലാണ് വൈസ് പ്രസിഡന്റായി നിയമിതനായത്. 1959ലെ വിപ്ലവത്തിനു ശേഷം ജനിച്ച് അധികാരത്തിലെത്തുന്ന ആദ്യ വ്യക്തി, അറുപതു വർഷത്തിൽ ആദ്യമായി അധികാരത്തിലെത്തുന്ന കാസ്ട്രോ നാമധാരിയല്ലാത്ത ഒരാൾ എന്നീ നേട്ടങ്ങളും സ്ഥാനനേട്ടത്തോടെ ഡയസ് കനാലിന്റെ പേരിലാകും.