ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇത് മൂന്നാം കിരീടം

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കിരീടം സ്വന്തമാക്കി. ചെന്നൈയുടെ മൂന്നാം കിരീടമാണിത്. ഇതോടെ ഐപിഎല്ലില്‍ ഏറ്റമധികം തവണ കിരീടം നേടുന്ന ടീമെന്ന നേട്ടത്തില്‍ ചെന്നൈ ഇതോടെ മുംബൈക്കൊപ്പമെത്തി. ഷെയ്ന്‍ വാഴ്‌സണിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ചെന്നൈയെ വിജത്തിലേക്കെത്തിച്ചത്. ഹൈദരാബാദുയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 181. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ സണ്‍റൈസേഴ്‌സിന്റെ തുടക്കം പതുക്കെയായിരുന്നു. ഓപ്പണര്‍ ശ്രീവാസ്തവ് ഗോസ്വാമി(അഞ്ച് റണ്‌സ്) ശിഖര്‍ ധവാന്‍ (25പന്തില്‍ 26 റണ്‍സ്) കെയ്ന്‍ വില്യംസണ്‍ (36പന്തില്‍ 47 റണ്‍സ്) ഹസന്‍ (15 പന്തില്‍ 23 റണ്‍സ്) എടുത്തു.

51പന്തില്‍ സെഞ്ചുറി കടന്ന വാട്‌സണ്‍ 57 പന്തില്‍ 117 റണ്‍സുമായി പുറത്താകാതെനിന്നു. സീസണില്‍ വാട്‌സണ്‍ നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്. ഡുപ്ലസിസിന്റെയും(10 റണ്‍സ്), സുരേഷ് റെയ്‌നയുടെയും(32റണ്‍സ്) വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. വാട്‌സണ്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഋഷഭ് പന്താണ് എമര്‍ജിംഗ് പ്ലെയര്‍.