തിരുവനന്തപുരത്ത് ക്രോസ് വോട്ടിങ് നടന്നിട്ടുണ്ട്, വിജയിക്കാനുള്ള അന്തരീക്ഷം ഉണ്ട്: കുമ്മനം

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെന്ന് എന്‍ ഡി എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കും മനസിലാക്കാൻ പറ്റാത്ത രീതിയിലാണ് ഈ ക്രോസ് വോട്ടിങ് നടന്നതെന്നും കുമ്മനം വ്യക്തമാക്കി.

തിരുവനന്തപുരത്ത് ബി ജെ പിയുടെ വിജയപ്രതീക്ഷ ശരിവെക്കുന്നതാണ് എക്‌സിറ്റ് പോള്‍ ഫലം. എന്നാല്‍ വോട്ട് ഏകീകരണവും വോട്ട് മറിക്കലും എക്‌സിറ്റ് പോളില്‍ അറിയാനാകില്ല. സി പി എം വോട്ടു മറിച്ചിരിക്കാന്‍ സാധ്യതയുണ്ട്. അതിനാലാണ് താന്‍ തോല്‍ക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ആരു ജയിക്കുമെന്ന് പറയാത്തതെന്നും കുമ്മനം പറഞ്ഞു. ക്രോസ് വോട്ടിങ് നടന്നാലും വോട്ട് ഏകീകരണമുണ്ടായാലും തനിക്ക് വിജയിക്കാനുള്ള അന്തരീക്ഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ക്രോസ് വോട്ടിങ് നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.