ഇന്ത്യന്‍ ഫുട്‌ബോളിന് പരിശീലകനായി ഇനി ക്രൊയേഷ്യക്കാരനായ ഇഗോര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന് ഇനി പരിശീലകനായി വരുന്നത് ക്രൊയേഷ്യക്കാരനായ ഇഗോര്‍ സ്റ്റിമാക്ക്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ച ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കാണ് ഇഗോറിനെ ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറഷേന്‍ തിരഞ്ഞെടുത്തത്. ക്രൊയേഷ്യന്‍ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് ഇഗോര്‍ സ്റ്റിമാക്.

എ.ഐ.എഫ്.എഫിന്റെ ആസ്ഥാനത്ത് നടന്ന അഭിമുഖങ്ങള്‍ക്കും നാല് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചക്കും ഒടുവിലാണ് ടെക്‌നിക്കല്‍ കമ്മിറ്റി ഇഗോറിനെ തിരഞ്ഞെടുത്തത്. മെയ് 20ന് തുടങ്ങുന്ന കിങ്‌സ് കപ്പിന് മുമ്പ് ഇഗോര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ആല്‍ബര്‍ട്ട് റോക്ക, ലീ മിന്‍ സുംഗ്, ഹകാന്‍ എറിക്‌സണ്‍ എന്നിവരും ഇഗോറിനൊപ്പം മത്സര രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇവരയെല്ലാം പിന്തള്ളിയാണ് ഇഗോര്‍ പുതിയ ദൗത്യത്തിന് തയ്യാറാകുന്നത്.

2012-13 കാലഘട്ടത്തില്‍ ആയിരുന്നു അദ്ദേഹം ക്രൊയേഷ്യയുടെ പരിശീലകനായത്. ഇറാനിയന്‍ ക്ലബായ സെപഹന്‍, ക്രൊയേഷ്യന്‍ ക്ലബായ സദര്‍, സഗ്രെബ് എന്നീ ടീമുകളുടേയും പരിശീലകനായിട്ടുണ്ട്. 1998 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി ചരിത്രമെഴുതിയ ക്രൊയേഷ്യന്‍ ടീമില്‍ അംഗമായിരുന്നു പ്രതിരോധതാരമായ ഇഗോര്‍. അമ്പതിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള പരിചയമുണ്ട്. 2012-13 കാലഘട്ടത്തിൽ ലോക റാങ്കിങ്ങില്‍ ക്രൊയേഷ്യ നാലാം സ്ഥാനത്തെത്തി. 1998ല്‍ മൂന്നാം സ്ഥാനത്ത് എത്തിയതാണ് അതിനു മുമ്പുള്ള മികച്ച റാങ്കിങ്ങ്.