ക്രിസ്റ്റിയാനോയ്ക്ക് നേട്ടം; പോര്‍ച്ചുഗലിന് തോല്‍വി; എഴുന്നൂറാം ഗോൾ പിന്നിട്ട് താരം

കീവ്: എഴുന്നൂറാം ഗോളും പിന്നിട്ട് പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ യൂറോ കപ്പ് യോഗ്യതയില്‍ ഉക്രെയ്‌നിനെതിരെ ഗോള്‍ നേടിയാണ് ക്രിസ്റ്റിയാനോ നാഴികക്കല്ല് പിന്നിട്ടത്. ക്രിസ്റ്റ്യാനോ ഗോള്‍ നേടിയെങ്കിലും പോര്‍ച്ചുഗല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു.

കീവിനെതിരെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റിയതോടെയാണ് ക്ലബ്ബിനും ടീമിനുമായി ആകെ നേടിയ ഗോളുകളുടെ എണ്ണം എഴുന്നൂറിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായത്.

ദേശീയ ജേഴ്‌സിയില്‍ 95 ഗോളുകളാണ് ക്രിസ്റ്റിയാനോ നേടിയത്. റയല്‍ മാഡ്രിഡിന് വേണ്ടിയാണ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 450 ഗോളുകള്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി 118ഉം തന്റെ ആദ്യ ക്ലബായ സ്‌പോര്‍ടിംഗിന് വേണ്ടി അഞ്ച് ഗോളും നേടിയിട്ടുണ്ട്. ഇപ്പോഴത്തെ ക്ലബ് 32 ഗോളുകളും താരം നേടി. ജോസഫ് ബികാന്‍ (805), പെലെ (779), റൊമാരിയോ (748), പുസ്‌കാസ് (709), ജെര്‍ഡ് മുള്ളര്‍ (701) എന്നിവരാണ് 700ല്‍ കൂടുതല്‍ ഗോളുകള്‍ നേടിയ ഇതിഹാസങ്ങള്‍.

പോര്‍ച്ചുഗലിനു വേണ്ടി നേടുന്ന 95-ാം ഗോളായിരുന്നു ഇത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍. ഇറാന്റെ അലി ദേയിയാണ് 109 ഗോളുമായി ഒന്നാം സ്ഥാനത്ത്.

2009-18 കാലയളവില്‍ റയല്‍ മാഡ്രിഡിനു വേണ്ടിയാണ് ക്രിസ്റ്റ്യാനോ കരിയറില്‍ ഏറ്റവുമധികം ഗോള്‍ നേടിയിട്ടുള്ളത്. 450 ഗോളുകളാണ് അദ്ദേഹം ഒമ്പത് സീസണിലായി നേടിയത്.