വിവാഹദിനത്തിൽ പ്രസവിച്ച ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന അമ്മയ്ക്ക് ജീവപര്യന്തം.

തൊടുപുഴ: കോലാഹലമേട്ടിൽ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസിൽ അമ്മയ്ക്കു ജീവപര്യന്തം തടവും 25,000 രൂപ പിഴയും. വാഗമൺ മൊട്ടക്കുന്നുഭാഗത്തു നിരാത്തിൽ പ്രവീണിന്റെ ഭാര്യ ബിജീഷയെ (26) ആണു ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ബിജീഷ കുളിമുറിയിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ച ഉടൻ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു കേസ്. പ്രവീണിന്റെയും ബിജീഷയുടെയും ബന്ധത്തിനു വീട്ടുകാർ എതിരായിരുന്നതിനാൽ വിവാഹം കഴിക്കാതെ ഇരുവരും പ്രവീണിന്റെ വീട്ടിൽ ഒരുമിച്ച് ഒരുവർഷമായി ജീവിക്കുകയായിരുന്നു. ശേഷം 2013 ഒക്‌ടോബർ 17ന് ആലപ്പുഴയിൽ സമൂഹവിവാഹച്ചടങ്ങിൽ ഇവർ വിവാഹിതരായി. ഒരു പുതിയ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നിർധനരായ യുവതീയുവാക്കൾക്കായി നടത്തിയതായിരുന്നു സമൂഹവിവാഹം. പൂർണഗർഭിണിയായ ബിജീഷ അക്കാര്യം മറച്ചുവച്ചാണു വിവാഹവേദിയിലെത്തിയത്.

ദമ്പതികൾക്ക് 25,000 രൂപയും അഞ്ചുപവൻ സ്വർണാഭരണങ്ങളും 10000 രൂപ വിലവരുന്ന വസ്ത്രങ്ങളും ഓഡിറ്റോറിയം അധികൃതർ നൽകിയിരുന്നു. വിവാഹം കഴിഞ്ഞ അന്നു സന്ധ്യയ്ക്കു ബിജീഷ കുളിമുറിയിൽ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ശബ്ദംകേട്ടെത്തിയ പ്രവീണിന്റെ അമ്മ കുളിമുറിയിലെ രക്തസ്രാവം കണ്ടു ഭയന്നു ബിജീഷയെ ആശുപത്രിയിലെത്തിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനയ്ക്കിടെ, ബിജീഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെക്കൂടി കൊണ്ടുവന്നാലേ ചികിത്സിക്കുകയുള്ളൂവെന്നും പറഞ്ഞു. തുടർന്നു വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നശേഷം തുണിയിൽ പൊതിഞ്ഞുവച്ചതായി കണ്ടെത്തിയത്.