പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്തിമ അന്വേഷണറിപ്പോര്‍ട്ടിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടും

തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ അന്തിമ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടിയേക്കും. അന്തിമ റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം. അതേ സമയം ഇടക്കാല റിപ്പോര്‍ട്ട് നാളെ നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.

അന്വേഷണ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് നല്‍കണമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയുടെ നിര്‍ദേശം. എന്നാല്‍ ഈ വിഷയത്തില്‍ പരിശോധന പൂര്‍ത്തിയായിട്ടില്ല എന്നാണ് സൂചന. തിരിമറിയെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പുതിയ പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ഇക്കാര്യം വിശദീകരിച്ച് അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.