പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: സമയം തേടി ക്രൈംബ്രാഞ്ച്

പോലീസ് പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ അന്വേഷണത്തിന് ഒരാഴ്ച വേണമെന്ന് ക്രൈംബ്രാഞ്ച്. പോസ്റ്റല്‍ വോട്ടിങ് പൂര്‍ത്തിയാകുന്ന 23ന് ശേഷം മാത്രമേ കളളവോട്ട് സ്ഥിരീകരിക്കാനാകൂ. മറ്റു പരാതികള്‍ ലഭിച്ചിട്ടില്ല. പൊലീസുകാര്‍ വിവിധ ഡ്യൂട്ടികളിലായതിനാല്‍ മൊഴിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടക്കാല റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പിക്ക് കൈമാറി.

ക്രമക്കേടിനേക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയ്ക്ക് നല്‍കേണ്ട സമയപരിധി ഇന്ന് അവസാനിക്കുന്നതിനാലാണ് ഇടക്കാല് റിപ്പോര്‍ട്ട് കൈമാറുന്നത്. വിശദമായ അന്വേഷണത്തിന് കൂടുതല്‍ സാവകാശം തേടിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് തൃശൂര്‍ എസ്.പി K.S. സുദര്‍ശന്‍ ഐ.ജി ശ്രീജിത്തിന് കൈമാറിയത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ചാവും ‍ഡി.ജി.പി തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുക.

പൊലീസ് അസോസിയേഷന്റെ ഇടപെടല്‍ സ്ഥിരീകരിച്ചതോടെയാണ് കമ്മീഷന്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ചത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് സമഗ്ര അന്വേഷണം സാധ്യമാകില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെടുക്കുന്ന തീരുമാനം നിര്‍ണായകമാണ്.