ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും; കല്ലറ ഇന്ന് തുറക്കും

തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരില്‍ 10 വര്‍ഷം മുന്‍പ് നടന്ന ദുരൂഹമരണത്തിന്റെ കൂടുതൽ തെളിവുകൾ എടുക്കാനായി ഏഴാം ക്ലാസ് വിദ്യാര്‍ഥിയുടെ മൃതദേഹം ഇന്ന് പുറത്തെടുക്കും. വിദ്യാര്‍ഥിയായിരുന്ന ആദര്‍ശിന്റെ മൃതദേഹമാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിനും ഫൊറന്‍സിക് പരിശോധനകള്‍ക്കുമായി പുറത്തെടുക്കുക.

മുങ്ങിമരണമെന്ന് പൊലീസ് വിധിയെഴുതിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കൊലപാതകമെന്നു കണ്ടെത്തിയതോടെയാണ് ഈ നടപടി. ഭരതന്നൂരിലെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ആദര്‍ശിന്റെ കുഴിമാടത്തിനു ചുറ്റും ഇന്ന് കാടുകയറിക്കഴിഞ്ഞു. കുഴിമാടത്തെ അടയാളപ്പെടുത്തുന്നത് ഒന്നോ രണ്ടോ ചെടികള്‍ മാത്രമാണ്. തലയ്ക്കും നട്ടെല്ലിനുമേറ്റ പരിക്കാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അന്ന് താലൂക്ക് ആശുപത്രിയില്‍ വച്ചാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. പത്തു വർഷം മുമ്പ് ഭരതന്നൂരിലെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

2009 ഏപ്രില്‍ അഞ്ചിന് പാല് വാങ്ങാനായി അടുത്ത കടയിലേക്ക് പോയ ആദര്‍ശിനെ പിന്നീട് വഴിയരികിലെ കുളത്തില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുങ്ങിമരണമെന്നായിരുന്നു പാങ്ങോട് പൊലീസ് ആദ്യം തന്നെ വിധിയെഴുതിയത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് വ്യക്തമാവുകയായിരുന്നു.

ഇതോടെയാണ് പരാതി ഉയരുന്നത്. മകനെ വെള്ളത്തില്‍ നിന്ന് താന്‍ വാരിയെടുക്കുമ്പോള്‍ അവന്റെ കഴുത്ത് കിടന്ന് ആടുകയായിരുന്നെന്നും അടിച്ചാണ് അവനെ കൊന്നതെന്നും ആദര്‍ശിന്റെ അമ്മ പറയുന്നു. മാത്രമല്ല, കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം കയറിയിരുന്നില്ല. കുട്ടി മുങ്ങിയല്ല മരിച്ചതെന്ന് വ്യക്തമാക്കുന്നതാണിത്.

മാത്രമല്ല, കുട്ടിയുടെ വസ്ത്രത്തിലടക്കം അന്ന് ബീജവും രക്തക്കറയും കണ്ടെത്തിയിരുന്നു. കുട്ടി കൊല്ലപ്പെട്ട ദിവസം കനത്ത മഴയായിരുന്നെങ്കിലും കുളത്തിന് കരയില്‍ മടക്കിയ നിലയില്‍ കണ്ടെത്തിയ വസ്ത്രം നനഞ്ഞിരുന്നില്ല. ഇത്തരം സാഹചര്യങ്ങളൊക്കെ ഉണ്ടായിട്ടും കുട്ടിയെ ഉപദ്രവിച്ച് കൊലപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ അന്ന് പൊലീസ് എത്തിയിയിരുന്നില്ല.

ഇപ്പോള്‍ കൂടത്തായി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സജീവമായതോടെയാണ് പത്തുവര്‍ഷം മുമ്പുള്ള ഈ കേസ് വീണ്ടും അന്വേഷിക്കുന്നത്. മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന അടക്കം നടത്തി കൊലപാതകിയിലേക്ക് എത്താമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കുറച്ചുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് ഒരുങ്ങുന്നുണ്ട്. നാലോ അഞ്ചോ പേര്‍ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണെന്നാണ് അറിയുന്നത്.