കേന്ദ്ര സർക്കാർ ബജറ്റ്; കേരളത്തോട് കടുത്ത അവഗണന; ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സിപിഎം

കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സിപിഎം അറിയിച്ചു. കേന്ദ്ര ബജറ്റ് വഴി കേരളത്തിന് വേണ്ട അനൂകൂല്യം നൽകിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്ന ബജറ്റാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റും വിലയിരുത്തുകയാണ്.

കോര്‍പ്പറേറ്റുകള്‍ക്ക് വലിയ ഇളവുകളാണ് ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്.

കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നതെന്നും സി പി എം പ്രസ്താവനയിൽ പറയുന്നു. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. വായ്പാ പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചില്ല. സാധാരണക്കാര്‍ക്കുമേല്‍ നികുതി അടിച്ചേല്‍പ്പിക്കുകയാണ്. അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഇതിന്റെ ഭാഗമായി പ്രാദേശികാടിസ്ഥാനത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ദുരിതമനുഭവിയ്ക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു പരിഗണനയും നല്‍കിയില്ല. വനിതാ ക്ഷേമത്തിനുള്ള വിഹിതം 5.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായി വെട്ടിക്കുറച്ചു. പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിക്കുന്നതോടെ വിലക്കയറ്റവും രൂക്ഷമാകും. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ആയിരം കോടിയാണ് വെട്ടിക്കുറച്ചത്.

കോര്‍പ്പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ലാഭമുണ്ടാക്കാനുള്ള കമ്പോളമാക്കി രാജ്യത്തെ തുറന്നുകൊടുത്തിരിക്കുകയാണെന്നും സി പി എം പ്രസ്താവനയിൽ പറയുകയാണ്. കേരളത്തിന്റെ വികസനത്തിന് ഉതകുന്ന ഒരു പദ്ധതി പ്രഖ്യാപനവും ബജറ്റിലുണ്ടായില്ലെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.