കണ്ണൂരില്‍ സിപിഎം നേതാവ് ബിജെപിയിലേക്ക്

കണ്ണൂര്‍: സിപിഎം ബിജെപി രാഷ്ട്രീയ സംഘര്‍ഷം നടക്കുന്ന കണ്ണൂരില്‍ പാനൂരില്‍ സിപിഎം നേതാവ് ബിജെപിയിലേക്ക്. പാനൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ.പ്രേമനാണ് ബിജെപിയിലേക്ക് ചേക്കാറാന്‍ ഒരുങ്ങുന്നത്. ആര്‍എസ്എസിന്റെ സേവന വിഭാഗമായ സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് പ്രേമനെ സിപിഎം പുറത്താക്കിയിരുന്നു.

ഈ മാസം മൂന്നിന് സേവാഭാരതിയുടെ പാനൂര്‍ ഓഫിസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പാനൂര്‍ യുപി സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് പ്രേമന്‍ പങ്കെടുത്തത്. സംഭവം ഏറെ വിവാദമായിരുന്നു. ആര്‍എസ്എസ് പരിപാടിയില്‍ സിപിഎം നേതാവ് പങ്കെടുത്തതു സമാധാന ശ്രമങ്ങള്‍ക്കു ശക്തി പകരുമെന്നാണ് പ്രേമന്‍ വിശദീകരണം നല്‍കിയത്.

എന്നാല്‍, രാഷ്ട്രീയ നയവ്യതിയാനത്തിന്റെ പേരില്‍ പ്രേമനെതിരെ പാര്‍ട്ടി നടപടിയെടുക്കുകയായിരുന്നു. പാര്‍ട്ടിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പ്രേമനെ ഒഴിവാക്കിയതായി സിപിഎം ഏരിയാ നേതൃത്വം അറിയിച്ചു. പ്രേമന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തിയത്. ഒട്ടേറെ പാര്‍ട്ടി അംഗങ്ങളും പ്രേമനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

സിപിഎമ്മും, ബിജെപി ആര്‍എസ്എസ്സും തമ്മില്‍ കടുത്ത രാഷ്ട്രീയ സംഘര്‍ഷമുണ്ടാകുന്ന പ്രദേശമാണ് പാനൂര്‍. ഇവിടെ ഒരു പ്രാദേശിക നേതാവിനെതിരെ നടപടിയെടുക്കുകയും ബിജെപിയില്‍ ചേരുകയും ചെയ്യുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടനല്‍കിയേക്കും. അതേസമയം, ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രേമന്‍ കൂടുതല്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല.