സര്‍ക്കാരിനും കേന്ദ്രനേതൃത്വത്തിനും രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സമ്മേളനം

മലപ്പുറം: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തില്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രതിനിധികള്‍.

സമയാസമയങ്ങളില്‍ പ്രതികരിക്കാതെ കേന്ദ്ര നേതൃത്വം മാറി നില്‍ക്കുകയാണെന്നും ബി.ജെ.പി.ക്കെതിരായി പൊതുവേദി പങ്കിടുന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന സിപിഎം നിലപാടിനെ മുഖവിലയ്‌ക്കെടുക്കാതെ സംസാരിച്ച പ്രതിനിധികള്‍ ഫാസ്റ്റിസ്റ്റ് വിരുദ്ധചേരിക്ക് സിപിഐ നേതൃത്വം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.

എഐഎസ്എഫ് നേതാവ് കനയ്യകുമാര്‍ ദേശീയതലത്തില്‍ ബിജെപി വിരുദ്ധമുഖമായി ഉയര്‍ന്നുവന്നിട്ടും കനയ്യയെ മുന്‍നിര്‍ത്തി ബിജെപിയെ നേരിടാത്തത് ദേശീയ നേതൃത്വത്തിന്റെ പെരുന്തച്ചന്‍ കോപ്ലക്‌സ് മൂലമാണെന്ന് തൃശ്ശൂരില്‍ നിന്നുള്ള പ്രതിനിധി വിമര്‍ശനമുന്നയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നകലുകയാണെന്ന് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ച ചില പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപ്പാക്കുന്ന ലൈഫ് പദ്ധതി തയ്യാറാണെന്നും കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മുടങ്ങി കിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എല്‍ഡിഎഫ് നയത്തിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും തോമസ് ഐസക് സ്വപ്‌നലോകത്തെ ബാലഭാസ്‌കരനാണെന്നും പ്രതിനിധികളില്‍ നിന്നും വിമര്‍ശനമുണ്ടായി.

അതിനിടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച കണ്‍ട്രോള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ചവറ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി സ്ഥലം വാങ്ങിയതിലും വിറ്റതിലും ക്രമക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കണ്ണൂരില്‍ നിന്നുള്ള ഇസ്മയില്‍ പക്ഷനേതാവ് സിഎന്‍ ചന്ദ്രനെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തലശ്ശേരി മണ്ഡലം സമ്മേളനത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമുണ്ടായിട്ടും നേതൃത്വം ഇടപെട്ടില്ലെന്നും തലശ്ശേരിയിലെ വോളിബോള്‍ ടൂര്‍ണമെന്റ് സുതാര്യമായി നടത്താന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.