പിണറായി വിജയന്‍ ഏകാധിപതിയെന്ന് സിപിഐ

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയിലാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. യുഡിഎഫ് ശൈലിയില്‍ നിന്നും ഉദ്യോഗസ്ഥരെ മാറ്റാന്‍ മുഖ്യമന്ത്രി ഫലപ്രദമായി ഇടപെടുന്നില്ല.

മുഖ്യമന്ത്രിയുടെ ഒമ്പത് ഉപദേശകരുടെ നിലപാടുകള്‍ പലപ്പോഴും ഇടത് ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിമര്‍ശനമുയര്‍ന്നു. ധനമന്ത്രി തോമസ് ഐസക് സ്വപ്ന ലോകത്തെ ബാലഭാസ്‌ക്കരനാണെന്നും ജി.എസ്.ടി വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ഇടത് വിരുദ്ധമാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.

സിപിഐ കേന്ദ്ര നേതൃത്വത്തിനെതിരെയും ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ജനകീയ പ്രശ്നങ്ങളിലടക്കം കേന്ദ്രനേതൃത്വം വേണ്ട സമയത്ത് ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. ഇസ്മായില്‍ പക്ഷത്തെ പ്രമുഖ നേതാവായ സി.എന്‍.ചന്ദ്രനെതിരെയും ചര്‍ച്ചയില്‍ ആക്ഷേപമുയര്‍ന്നു. തലശേരി മണ്ഡലം സമ്മേളനത്തിനിടെ വിഭാഗീയത ഉണ്ടായപ്പോള്‍ ഇടപെടാന്‍ കഴിഞ്ഞില്ല, വോളീബോള്‍ ടൂര്‍ണമെന്റ് നടത്തിയതില്‍ സൂക്ഷ്മത പാലിച്ചില്ല തുടങ്ങിയവയാണ് ആരോപണം.

അതേസമയം, സമ്മേളന വേദിയില്‍ പൊതുചര്‍ച്ച തുടരുകയാണ്.