അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോസ്ഥന്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഗോവധത്തിന്റെ പേരിലുണ്ടായ കലാപത്തില്‍ അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പശുവിനെ കൊന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ കലാപത്തിനിടെയാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം മുന്‍ക്കൂട്ടി ആസൂത്രണം ചെയ്തതാണെന്ന സാക്ഷിമൊഴികളുമാണ് സംഭവത്തില്‍ ദുരൂഹതയേറ്റുന്നത്.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സുേബാദ് കുമാര്‍ സിങ് എന്ന പോലീസുകാരന്‍ 2015-ല്‍ ദാദ്രിയില്‍ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് അഖ്ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ്. ഈ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും മറ്റും പ്രധാന പങ്കുവഹിച്ചയാളാണ് സുബോദ് കുമാര്‍. അന്വേഷണത്തിന്റെ പാതിവഴിയില്‍ ഇയാളെ വരാണസിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

സുബോധ് കുമാര്‍ സിങിനെ വെടിവെച്ചത് റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനെന്ന് എബിപി ന്യൂസ് റിപ്പോര്‍ട്ട്. ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖിനെ ഗോരക്ഷകര്‍ തല്ലിക്കൊന്ന സംഥവത്തില്‍ ആദ്യം അന്വേഷണം നടത്തിയതും അറസ്റ്റ് ചെയ്തിരുന്നതും സുബോധ് കുമാറായിരുന്നു. സുബോധ് കുമാറിനെ വധിക്കാനാണ് കലാപം നടത്തിയത് എന്ന സംശയം ഉയരുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ബുലന്ദ്ശഹര്‍ ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. നാലുപേരെ കസ്റ്റഡിയിലലെടുത്തു. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു അക്രമം.