ക്ലസ്റ്ററുകള്‍ കൂടുന്നു, രോഗവ്യാപനത്തോത് ഉയരുന്നു, ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭീഷണി ഉയര്‍ത്തിയിരുന്ന പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണെന്നും ക്ലസ്റ്ററുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പുതിയ സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സര്‍വകക്ഷിയോഗം വിളിച്ച് രാഷ്ട്രീയ പാര്‍ടി നേതൃത്വങ്ങളുമായി സംസാരിച്ചു. ആരോഗ്യവിദഗ്ധരുമായി പ്രത്യേക ചര്‍ച്ച നടത്തി. പത്രാധിപന്മാരുടെ യോഗം വിളിച്ചു. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് എല്ലാവര്‍ക്കുമുള്ളത്. നിയന്ത്രണ ലംഘനങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ പൊലീസിന്റെ ഇടപെടല്‍ ഇനിയും ശക്തിപ്പെടുത്തണമെന്നാണ് കാണുന്നത്.
സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ തന്നെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നത് ഒട്ടും ആശാസ്യമായ പ്രവണതയല്ല. നിരുത്തരവാദപരമായ പെരുമാറ്റത്തിലൂടെ രോഗവ്യാപനത്തിന് കാരണക്കാരാകുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വെവ്വേറെയും കൂട്ടായും ഇടപെടേണ്ട കാര്യങ്ങളില്‍ വ്യക്തത വരുത്തും. അതിനനുസരിച്ച് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും.
ഇനിയുള്ള നാളുകളില്‍ രോഗവ്യാപനം ഇനിയും വര്‍ധിക്കുമെന്നു തന്നെയാണ് കാണുന്നത്. അതിനെ നേരിടാനുള്ള നടപടികളാണ് സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതിലൂടെയും കൂടുതല്‍ മനുഷ്യവിഭവശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ കോഴ്‌സുകളില്‍നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്ക് താമസസൗകര്യവും മറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. ആരോഗ്യവകുപ്പ് സര്‍വകലാശാലയുമായി ചേര്‍ന്ന് പഠനം കഴിഞ്ഞവരെ വിന്യസിക്കുന്നതിന്റെ വിശദാംശങ്ങള്‍ തയ്യാറാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.