ദിലീപിന് വീണ്ടും തിരിച്ചടി, വിചാരണ നീട്ടിവയ്‌ക്കാനാവില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. വിചാരണ നീട്ടിവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു. വിചാരണ തടയണമെന്നും, ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരാമർശം. ദിലീപിന്റെ ഹർജിയിൽ അഭിപ്രായം അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹർജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.

പ്രതിയുടെ അവകാശങ്ങൾ തനിക്ക് ലഭിക്കണമെന്നും അതുകൊണ്ട് തന്നെ വിചാരണ നിറുത്തി വയ്ക്കണമെന്നുമായിരുന്നു ഹൈക്കോടതിയിൽ നൽകിയ ദിലീപിന്റെ ഹർജികളിൽ ഒന്ന്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശമുള്ള ദൃശ്യങ്ങളുടെ എഴുതിയ പകർപ്പ് വേണമെന്ന മറ്റൊരു ഹർജിയും ദിലീപ് സമർപ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ബുധനാഴ്ച വിചാരണ ആരംഭിക്കാനിരിക്കെയാണ് നിറുത്തി വയ്ക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചത്.