സി ഒ ടി നസീർ വധശ്രമം: രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രതിപക്ഷത്തിന്റെ വാക്ഔട്ട്

തിരുവനന്തപുരം: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിനെതിരായ വധശ്രമ കേസിൽ നിയമസഭയിൽ വാക്ക് തർക്കവും പ്രതിപക്ഷ ഇറങ്ങി പോക്കിലേക്കും എത്തിച്ചു. സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയ നോട്ടീസാണ് വാക്കേറ്റത്തിനും ഇറങ്ങിപ്പോക്കിനും ഇടയാക്കിയത്. വധശ്രമ കേസിലെ ഗൂഢാലോചന കൈകാര്യം ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും ആരോപണ വിധേയനായ തലശേരി എംഎൽഎ എഎൻ ഷംസീറിനെ സംരക്ഷിക്കുന്നു എന്നുമായിരുന്നു പ്രതിപക്ഷ ആരോപണം.

കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പിണറായി വിജയന്‍റെ വിശദീകരണം. സിഒടി നസീറിനെതിരെ നടന്ന ആക്രമണം ഒറ്റപ്പെട്ട സംഭവമെന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ച് കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

എംഎൽഎ ഓഫീസിലേക്ക് വിളിച്ച് വരുത്തി എഎൻ ഷംസീര്‍ ഭീഷണിപ്പെടുത്തിയെന്ന് സിഒടി നസീര്‍ ആരോപിച്ചിരുന്നു. സിഒടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത് അടക്കമുള്ള കാര്യങ്ങളും പ്രതിപക്ഷം ശ്രദ്ധയിൽപ്പെടുത്തി. പൊതു പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതിപക്ഷം നിയമസഭയിൽ ആവര്‍ത്തിച്ചു. എന്നാൽ സംഭവത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിഒടി നസീറിനോട് സിപിഎമ്മിന് വ്യക്ത വിരോധമില്ലെന്നും പിണറായി വിജയൻ പറഞ്ഞു.