നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ
ദുരന്തബാധിത പ്രദേശങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾക്കായി
നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ രക്ഷാ സൈന്യം രൂപീകരിക്കാൻ തീരുമാനിച്ചതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു.

ജില്ലയ്ക്ക് പുറത്തും
ദുരിത ബാധിത പ്രദേശങ്ങളിൽ
മത്സ്യത്തൊഴിലാളികളുടെയും അവരുടെ ബോട്ടുകളുടെയും സേവനം ഉറപ്പാക്കാനാണ് രക്ഷാ സൈന്യത്തിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.

ആദ്യഘട്ടത്തിൽ
ഇരുപത്തിയഞ്ച്
ബോട്ടുകളും അതിനാവശ്യമായ മത്സ്യത്തൊഴിലാളികളെയുമാണ് നഗരസഭ രക്ഷാ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കുന്നത്.

രക്ഷാ സൈന്യം
വിവിധ സ്ഥലങ്ങളിലേക്ക് രക്ഷാ പ്രവർത്തനങ്ങൾക്ക് പോകേണ്ടി വരുമ്പോഴുണ്ടാവുന്ന മുഴുവൻ ചിലവുകളും നഗരസഭ തന്നെ വഹിക്കുമെന്നും മേയർ പറഞ്ഞു.

രക്ഷാ സൈന്യത്തിന്റെ ഭാഗമാവാൻ മത്സ്യത്തൊഴിലാളികൾക്ക്
രെജിസ്റ്റർ ചെയ്യാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.
നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് രെജിസ്റ്റർ ചെയ്യാനാവുക.

നിലവിലെ സാഹചര്യത്തിൽ രക്ഷാ സൈന്യത്തിൽ
വോളന്റിയർമാരായി രെജിസ്റ്റർ ചെയ്യുന്നവരെ രക്ഷാ പ്രവർത്തങ്ങൾക്ക് അയക്കുന്നതിന് മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ കോവിഡ് പരിശോധനയടക്കം പൂർത്തീകരിച്ചതിന് ശേഷമായിരിക്കും അയക്കുക.

നഗരസഭാ പരിധിയിലുള്ള മത്സ്യത്തൊഴിലാളികൾക്ക് രെജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 9496434410