ബി.ജെ.പിക്ക് തിരിച്ചടി; കർണാടകയിൽ ജയനഗറിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ജയം

ബംഗളുരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് വിജയം. തുടർച്ചയായ രണ്ടാം ഉപതിരഞ്ഞെടുപ്പിലും ജയം സ്വന്തമാക്കിയതോടെ സർക്കാരിനെ കൂടുതൽ ശക്തിപെടുത്താൻ കുമാരസ്വാമിക്ക് കഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി ബി.ജെ.പിയുടെ ബിഎ പ്രഹ്ലാദിനെ 2,889 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വിജയത്തോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 80 ആയി ഉയര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒന്നിച്ച് നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. സൗമ്യ റെഡ്ഡി 54, 457 വോട്ടുകള്‍ നേടിയപ്പോള്‍ ബി.എ പ്രഹ്ലാദിന് 51, 568 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 46 ശതമാനവും ബിജെപിക്ക് 33.2 ശതമാനവും വോട്ടുകള്‍ ലഭിച്ചു.

മെയ് 12 നായിരുന്നു കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി.എന്‍ വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്ന് ജയനഗറിലെ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. ജൂണ്‍ 11 നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. 55 ശതമാനം പോളിംഗാണ് മണ്ഡലത്തില്‍ നടന്നത്. വിജയകുമാറിന്റെ സഹോദരനാണ് ബിജെപിയ്ക്കായി പോരാട്ടത്തിനിറങ്ങിയ ബിഎന്‍ പ്രഹ്ലാദ്.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉടലെടുത്ത കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജയനഗറില്‍ ഒന്നിച്ച് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നേരത്ത ആര്‍ആര്‍ നഗറിലെ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും വെവ്വേറെ മത്സരിക്കുകയായിരുന്നു. ഇത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്തിരുന്നു. ബിജെപിയെ പരാജയപ്പെടുത്താന്‍ ഒന്നിച്ച് നില്‍ക്കേണ്ടത് അനിവാര്യമെന്ന് വിലയിരുത്തിയും സഖ്യത്തിന്റെ സുഗമമായ മുന്നോട്ട് പോക്ക് സാധ്യമാക്കുന്നതിനും വേണ്ടിയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കാന്‍ ജെഡിഎസ് തീരുമാനിച്ചത്. ഇതിനെ തുടര്‍ന്ന് ജെഡിഎസ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു.