ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ഡല്‍ഹി: കര്‍ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ബിജെപിയെ ക്ഷണിക്കുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ് യദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ നാളെ രാജ്ഭവനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഗവര്‍ണര്‍ പക്ഷപാതം കാണിക്കരുതെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കുന്ന ആദ്യ കക്ഷിക്ക് മന്ത്രിസഭയുണ്ടാക്കാന്‍ അവസരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ഭൂരിപക്ഷം തെളിയിക്കുന്നതിന് ആവശ്യമായ എംഎല്‍എമാര്‍ അവര്‍ക്കൊപ്പമില്ല. ബിജെപിക്ക് 104ലും തങ്ങള്‍ക്ക് 117ഉം എംഎല്‍എമാരുണ്ട്. ഭരണഘടനാപരമായ കാര്യത്തില്‍ പക്ഷപാതപരമായി പെരുമാറാന്‍ പാടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസും ജെഡിഎസും വൈകുന്നേരം അഞ്ചുമണിക്ക് ഗവര്‍ണറെ കാണും. എല്ലാ സാധ്യതകളും പരിശോധിച്ച ശേഷം തീരുമാനം എടുക്കുമെന്ന് യദ്യൂരപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

104 സീറ്റുകളുള്ള ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ എട്ട് അംഗങ്ങളുടെ കുറവാണുള്ളത്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുക്കാന്‍ ബിജെപി എംഎല്‍എമാരോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.