വ്യോമാക്രമണത്തിന് തെളിവ് ചോദിച്ചവര്‍ക്കൊപ്പമില്ല; അതൃപ്തിയില്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് നേതാവ്

പാറ്റ്‌ന: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ബാലാകോട്ടില്‍ നട്ത്തിയ ആക്രമണത്തിന് തെളിവുകള്‍ ചോദിച്ച കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാജിവച്ചു. ബീഹാറിലെ കോണ്‍ഗ്രസ് വക്താവ് വിനോദ് ശര്‍മയാണ് പാര്‍ട്ടി പദവികളും അംഗത്വവും രാജിവച്ചത്.

ബാലാകോട്ട് ആക്രമണത്തില്‍ കോണ്‍ഗ്രസ് തെളിവ് ചോദിച്ചത് തന്നെ ഏറെ അസംതൃപ്തനാക്കിയെന്നും അതിനാലാണ് രാജി വയ്ക്കുന്നതെന്നും വിനോദ് പറഞ്ഞു.പാര്‍ട്ടിയുടെ ഇത്തരം നിലപാടുകളില്‍ താന്‍ നിരാശനാണ്. അസുന്തഷ്ടനായി പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ഥമില്ല വിനോദ് ശര്‍മ പറഞ്ഞു.

മറ്റ് രാഷ്ട്രീയ വൈരമെല്ലാം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും പറഞ്ഞ വിനോദ് ശര്‍മ ചിലര്‍ ഇതിനെ രാഷ്ട്രീയവത്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബിജെപി അധ്യക്ഷന്‍ അമിത് ഷായും പ്രധാനമമന്ത്രിയും മറ്റ് കേന്ദ്രമമന്ത്രിമാരും പറഞ്ഞ കണക്കുകളില്‍ വ്യത്യാസം ഉണ്ടായതോടെയാണ് കോണ്‍ഗ്രസ്, ആക്രമണത്തിന് തെളിവുകള്‍ വേണമെന്ന് വാദിച്ചത്.