ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം 29ന്

തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് പകല്‍ക്കൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷസമരങ്ങളുടെ ഭാഗമായി ജൂണ്‍ 29ന് പഞ്ചായത്ത് തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കേന്ദ്ര സംസ്ഥാന നികുതികളാണ് പെട്രോള്‍/ ഡീസല്‍ വില കുത്തനേ ഉയര്‍ത്തുന്നത്. നിലവില്‍ നികുതി പെട്രോളിന് 49.97 രൂപയും ഡീസലിന് 48.73 രൂപയുമാണ്. യഥാര്‍ത്ഥത്തില്‍ പെട്രോളിന് 17.96 രൂപയും ഡീസലിന് 18.49 രൂപയും മാത്രമാണ് അടിസ്ഥാനവില. ബാക്കിയുള്ളത് നികുതികളും എണ്ണകമ്പനികളുടെ ലാഭവുമാണ്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്‍കിയത്. അതേ മാതൃക പിന്തുടരാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഇന്ധനവിലയിലൂടെ മാത്രം കേന്ദ്രസര്‍ക്കാര്‍ 2.5 ലക്ഷം കോടി ശേഖരിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. രാജ്യം മഹാമാരിയെ നേരിടുകയും ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വമില്ലാത്ത നടപടി. എണ്ണ കുത്തക കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്കും കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു. സാധാരണക്കാരെ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു