ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത: എടപ്പാടി സര്‍ക്കാരിന് ആശ്വാസമായി കോടതി തീരുമാനം

ചെന്നൈ : അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവും ആര്‍ കെ നഗര്‍ എംഎല്‍എയുമായ ടിടിവി ദിനകരന്റെ പക്ഷം ചേര്‍ന്ന 18 എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ ഭിന്നാഭിപ്രായവുമായി ജഡ്ജിമാര്‍. എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ജസ്റ്റിസ് എം സുന്ദര്‍ വിമര്‍ശിച്ച് തള്ളിയപ്പോള്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരിവച്ചു.

വിധിയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായം ഉണ്ടായ സാഹചര്യത്തില്‍ കേസ് ഇനി മൂന്നംഗ ബഞ്ചിന്റെ പരിഗണനയ്ക്ക് വരും. മൂന്നാമത്തെ ജഡ്ജി ആരാണെന്ന് ഹൈക്കോടതി പ്രഖ്യാപിക്കും. മൂന്നാമത്തെ ജഡ്ജികേസിന്റെ വാദം വീണ്ടും കേട്ടത്‌ന് ശേഷം ഭൂരിപക്ഷ അഭിപ്രായം മുന്‍നിര്‍ത്തിയാവും ഈ വിഷയത്തില്‍ ഇനി ഹൈക്കോടതി തീര്‍പ്പ് കല്‍പിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ഉപതിരഞ്ഞെടുപ്പ് ഉണ്ടാവില്ല. എടപ്പാടി സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം നല്‍കുന്നതാണ് ഇപ്പോഴത്തെ കോടതി വിധി.
ഇതുമായി ബന്ധപ്പെട്ട നിയമപോരാട്ടം ഇനിയും തുടരും എന്ന സൂചനയിലേയ്ക്കാണ് ഈ ഭിന്നിപ്പ് വിരല്‍ ചൂണ്ടുന്നത്.