സ്വാമി അഗ്നിവേശിന്റെ നിര്യാണത്തില്‍ സ്പീക്കര്‍, മന്ത്രി ബാലന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും,  ചിന്തകനുമായ സ്വാമി അഗ്നിവേശിന്റെ  ദേഹവിയോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
അനുശോചിച്ചു.  വര്‍ഗീയതക്കും ഫാസിസത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിത്വമായിരുന്നു  സ്വാമി അഗ്നിവേശ്.   അദ്ദേഹവുമായി
വര്‍ഷങ്ങള്‍ നീണ്ട സുഹൃദ്ബന്ധമാണുണ്ടായിരുന്നത്.  ബഹുസ്വരതയും,  മതേതരത്വവുമാണ്  നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറയെന്നും അവ  നില നിന്നാല്‍
മാത്രമേ ഇന്ത്യ നിലനില്‍ക്കുകയുള്ളുവെന്നും വിശ്വസിക്കുകയും അതിനായി വിട്ടു  വീഴ്ചയില്ലാതെ പോരാടുകയും ചെയ്ത  മഹദ് വ്യക്തിത്വമായിരുന്നു സ്വാമി
അഗ്നിവേശ്.  മോദി സര്‍ക്കാരിന്റെ വിവാദമായ പൗരത്വ ബില്ലിനെതിരെ രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍  സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ഒരു
മടിയും കൂടാതെ ക്ഷണം സ്വീകരിക്കുകയും   പങ്കെടുക്കാന്‍  തിരുവനന്തപുരത്തെത്തുകയും ചെയ്തത് താനോര്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
അദ്ദേഹം കേരളത്തില്‍ പങ്കെടുത്ത അവസാനത്തെ ചടങ്ങും അതായിരുന്നു.  സ്വാമി അഗ്നിവേശിന്റെ നിര്യാണത്തോടെ ഇന്ത്യന്‍ മതേതര പ്രസ്ഥാനങ്ങള്‍ക്ക്   ഒരു
മുന്നണി  പോരാളിയെ ആണ് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല  അനുശോചന സന്ദേശത്തില്‍  പറഞ്ഞു.

സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ. ബാലൻ പുറപ്പെടുവിക്കുന്ന അനുശോചന സന്ദേശം:

സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ
അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹത്തിൻറെ വിയോഗം രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ ശക്തികൾക്ക് വലിയൊരു നഷ്ടമാണ്. സ്വന്തം ജീവൻ പോലും
പണയം വെച്ചാണ് അദ്ദേഹം ഇന്ത്യയിലെ വർഗീയ ശക്തികൾക്കെതിരെ പോരാടിയത്. നിരവധി തവണ വർഗീയവാദികളുടെ ആക്രമണത്തിന് ഇരയായെങ്കിലും
തെല്ലും തല കുനിക്കാതെ വർഗീയതക്കെതിരെ അദ്ദേഹം വിട്ടുവീഴ്ചയില്ലാതെ പോരാടി. ഇന്ത്യയുടെ ശരിയായ പാരമ്പര്യങ്ങളെയാണ് അദ്ദേഹം എക്കാലവും
ഉയർത്തിപ്പിടിച്ചത്. കേരളത്തോടും ഇവിടത്തെ സാമൂഹ്യ അന്തരീഷത്തോടും എന്നും അടുപ്പമുണ്ടായിരുന്ന അദ്ദേഹം നിരവധി തവണ കേരളത്തിൽ വരികയും
ജനാധിപത്യവും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടങ്ങളിൽ പങ്കുചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ വേർപാടിൽ അഗാധമായ
അനുശോചനം രേഖപ്പെടുത്തുന്നു.
സ്വാമി അഗ്നിവേശിന്‍റെ നിര്യാണത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. പി. ശ്രീരാമകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. കേരള നിയമസഭയുടെ
വജ്രജൂബിലിയോടനബന്ധിച്ചു സംഘടിപ്പിച്ച ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിടയുടെ ഭാഗമായ സ്റ്റുഡന്‍റ്സ് പാര്‍ലമെന്‍റില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സ്വാമി
അഗ്നിവേശുമായി കൂടുതല്‍ പരിചയപ്പെടാന്‍ അവസരം ലഭിച്ചതെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. സ്വാമി അഗ്നിവേശിന്‍റെ നിര്യാണം രാജ്യത്തിൻ്റെ മതേതര
പ്രവർത്തകർക്ക് തീരാനഷ്ടമാണ്.