ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചു; നടി മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശം

കല്‍പ്പറ്റ: 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞ് നല്‍കി വഞ്ചിച്ചെന്ന പരാതിയില്‍ നടി മഞ്ജുവാര്യരോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് നോട്ടീസ് നടിക്ക് അയച്ചു.

തിങ്കളാഴ്ച നടക്കുന്ന സിറ്റിംഗില്‍ വയനാട് ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ നേരിട്ട് എത്താനാണ് രേഖാമൂലം മഞ്ജുവിനോട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

2017-ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയില്‍ പണിയ വിഭാഗത്തിലെ 57 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് മഞ്ജൂ വാര്യരുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ 2 വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം പാലിച്ചില്ലെന്നുമാണ് കോളനിക്കാരുടെ പരാതി.

57 കുടുംബങ്ങള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപ ചിലവില്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് സംഭവത്തെ കുറിച്ച് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ നേരത്തെ പ്രതികരിച്ചിരുന്നത്.