സമൂഹ അടുക്കള ആവശ്യമുള്ളിടത്തെല്ലാം തുടരും, ആരും പട്ടിണികിടക്കാന്‍ ഇടവരരുത്

തിരുവനന്തപുരം: അതിഥി തൊഴിലാളികളോട് സഹാനുഭൂതിയുണ്ടാവണം. ഭക്ഷണവും പാര്‍പ്പിടവും എല്ലായിടത്തും സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ അവര്‍ക്ക് തൊഴില്‍ കിട്ടും. തൊഴിലുണ്ടെങ്കില്‍ പ്രയാസം മാറും. ആര്‍ക്കെങ്കിലും ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടോ എന്ന കാര്യം പ്രാദേശിക തലത്തില്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ലോക്ക്ഡൗണ്‍ വന്നപ്പോള്‍ സമൂഹ അടുക്കള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രയോജനമായിട്ടുണ്ട്. ഇളവുകള്‍ വന്ന സാഹചര്യത്തില്‍ സമൂഹ അടുക്കളയുടെ ആവശ്യം കുറഞ്ഞിട്ടുണ്ട്. സമൂഹ അടുക്കള പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ല. ഇനിയും പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് വേണ്ടതോതില്‍ സമൂഹ അടുക്കള നിലനിര്‍ത്താവുന്നതാണ്. ആവശ്യമുള്ളവരെ മാത്രം സഹായിക്കുക എന്നതായിരിക്കും ഇതിലെ സമീപനം.
ലോക്ക്ഡൗണ്‍ കാരണം ഓരോസ്ഥലത്ത് കുടുങ്ങിപ്പോയ സര്‍ക്കാര്‍ ജീവനക്കാര്‍ അവര്‍ താമസിക്കുന്ന ജില്ലയിലെ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നവരെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനുവേണ്ടി പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലടക്കം നിയോഗിക്കണം. കണ്ണൂര്‍, കാസര്‍കോട്, വയനാട് തുടങ്ങിയ ജില്ലകളില്‍ ജോലിയുള്ളവര്‍ തിരുവനന്തപുരത്തും മറ്റും വീടുകളില്‍ തുടരുന്നുണ്ട്. അവരുടെ വിശദാംശങ്ങള്‍ ജില്ലാ കലക്ടര്‍മാര്‍ ശേഖരിച്ച് പ്രത്യേക കെഎസ്ആര്‍ടിസി ബസില്‍ അവരെ ജോലിയുള്ള ജില്ലകളില്‍ എത്തിക്കണം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരില്‍ രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹോം ക്വാറന്റൈന്‍ ആണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍, ധാരാളം പേര്‍ സ്വമേധയാ സര്‍ക്കാര്‍ ക്വാറന്റൈന്‍ ആവശ്യപ്പെടുന്നുണ്ട്. സ്വന്തം വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്തവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ക്വാറന്റൈന്‍ ഉദ്ദേശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം എല്ലാവരും സ്വീകരിക്കണം.
കാലവര്‍ഷത്തിന്റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സേനകളുടെ പൂര്‍ണ്ണ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മണ്‍സൂണ്‍ ദുരന്ത പ്രതിരോധ പ്രതികരണ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖ തയ്യാറാക്കി. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനതല ദുരന്തലഘൂകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വകുപ്പുകളും മണ്‍സൂണുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും വിവരങ്ങളും സംസ്ഥാന അടിയന്തരഘട്ട കാര്യ നിര്‍വഹണ കേന്ദ്രത്തിന് ദിനംപ്രതി നല്‍കും.
2948 താല്‍ക്കാലിക തസ്തികകള്‍ കൂടി
സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍എച്ച്എം മുഖാന്തിരം 2948 താല്‍ക്കാലിക തസ്തികകള്‍ കൂടി സൃഷ്ടിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്തിടെ സൃഷ്ടിച്ച 3770 തസ്തികകള്‍ക്ക് പുറമേയാണിത്.
ഇതോടെ 6700ഓളം താത്ക്കാലിക തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ ഈ ഘട്ടത്തില്‍ സൃഷ്ടിച്ചത്. വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ മലയാളികള്‍ എത്തുന്ന സാഹചര്യത്തിലാണ് തസ്തികള്‍ അടിയന്തരമായി വീണ്ടും സൃഷ്ടിച്ചത്. ഫസ്റ്റ് ലൈന്‍ കെയര്‍ സെന്റര്‍, കോവിഡ് കെയര്‍ സെന്ററുകള്‍, കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇവരെ വിന്യസിക്കും.
38 ഡോക്ടര്‍മാര്‍, 15 സ്‌പെഷ്യലിസ്റ്റുകള്‍, 20 ഡെന്റല്‍ സര്‍ജന്‍, 72 സ്റ്റാഫ് നഴ്‌സുമാര്‍, 169 നഴ്‌സിങ് അസിസ്റ്റന്റുമാര്‍, 1259 ജെഎച്ച്‌ഐമാര്‍, 741 ജെപിഎച്ച്എന്‍മാര്‍, 358 ക്ലീനിങ് സ്റ്റാഫ് തുടങ്ങി 21ഓളം തസ്തികളാണ് സൃഷ്ടിച്ചത്.
യുവജനങ്ങള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്കിടയില്‍ മാസ്‌ക്കിന്റെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ ബോധവല്‍കരണം നടത്തും. കേരള പൊലീസ് ഇപ്പോള്‍ നടത്തിവരുന്ന ക്യാംപെയ്‌നിന്റെ ഭാഗമായാണിത്. ഐജിമാരായ എസ് ശ്രീജിത്ത്, പി വിജയന്‍ എന്നിവരെ ഈ പരിപാടിയുടെ സംസ്ഥാനതല കോ-ഓര്‍ഡിനേറ്റര്‍മാരായി നിയോഗിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ച് ഭേദമായവരെയും വീടുകളില്‍ മറ്റും നിരീക്ഷണത്തില്‍ കഴിയുന്നവരേയും സമൂഹം ഒറ്റപ്പെടുത്തുന്ന സ്ഥിതിവിശേഷം ചുരുക്കം ചില സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം ഒറ്റപ്പെടുത്തലുകള്‍ക്കെതിരെ ബോധവല്‍കരണം നടത്തുന്നതിന് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവല്‍കരണ പരിപാടികള്‍ക്ക് രൂപം നല്‍കി.
മാസ്‌ക് ധരിക്കാത്ത 3396 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റെയ്ന്‍ ലംഘനത്തിന് 12 പേര്‍ക്കെതിരെ കേസ് എടുത്തു.
ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെ ബ്ലോക്ക് തലത്തില്‍ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ആഴ്ചയില്‍ രണ്ടുദിവസം വീതം കലക്ഷന്‍ സ്വീകരിക്കുന്നതിനും ഒരുദിവസം പോസ്‌റ്റോഫീസില്‍ തുക നിക്ഷേപിക്കുന്നതിനും അനുമതി നല്‍കും. കറന്‍സിയും നാണയങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗം നിര്‍ബന്ധമാണ്. 65 വയസ്സ് കഴിഞ്ഞ ഏജന്റുമാര്‍ ഭവനസന്ദര്‍ശനം നടത്താന്‍ പാടില്ല.
ഇലക്ട്രിസിറ്റി ഭേദഗതി ബില്‍ 2020മായി ബന്ധപ്പെട്ട് സംസ്ഥാനത്തിനുള്ള ആശങ്കകള്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ വന്നാല്‍ സംസ്ഥാനം ഇപ്പോള്‍ കെഎസ്ഇബിയിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിവിധ സബ്‌സിഡികള്‍ തുടരാനാകില്ല. പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ ഉപയോഗം എത്ര വേണം എന്നു തീരുമാനിക്കുന്നതും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിലേക്ക് പ്രതിനിധികളെ നിശ്ചയിക്കുന്നതും അടക്കം കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.
സംസ്ഥാന റെഗുലേറ്ററി കമ്മീഷന്റെ അനുവാദമില്ലാതെ തന്നെ ഫ്രാഞ്ചൈസികളെ നിയമിക്കാനുള്ള അനുവാദം വിതരണ ലൈസന്‍സിക്കായിരിക്കും. കണ്‍കറന്റ് ലിസ്റ്റില്‍പ്പെടുന്ന വിഷയത്തില്‍ കൂടുതല്‍ കേന്ദ്രീകരണം വരുത്തുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍. അതുകൊണ്ടുതന്നെ സംസ്ഥാനവുമായി കൂടിയാലോചന നടത്തണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഊര്‍ജമന്ത്രി ആര്‍ കെ സിങ്ങിന് കത്തയച്ചിട്ടുണ്ട്.