ജാവ തിരിച്ചെത്തുന്നു; കൂടുതല്‍ പവര്‍ ഫുള്ളായി

ഇന്ത്യന്‍ നിരത്തുകളെ ഒരു കാലത്ത് അടക്കി ഭരിച്ചിരുന്നവയാണ് ജാവ ബൈക്കുകള്‍. ജാവ ബൈക്കുകള്‍ മഹീന്ദ്രയിലൂടെ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. പുതിയ അതിഥിയായ ജാവ 350 അടുത്ത വര്‍ഷം തുടക്കത്തോടെ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. യൂറോപ്യന്‍ വിപണിയില്‍ കമ്പനി പഴയ ജാവയെ ഓര്‍മിപ്പിച്ച് ജാവ 350 സ്‌പെഷ്യല്‍ മോഡല്‍ ഇറക്കിയിരുന്നു. ഇത് ജാവ പ്രേമികളുടെയിടയില്‍ മികച്ച അഭിപ്രായങ്ങള്‍ക്ക് വഴിയൊരുക്കി.

ജാവ 350 സ്‌പെഷ്യല്‍ പഴയ റേസിങ് പാരമ്പര്യം ഉള്‍ക്കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. 171 കിലോഗ്രാം ഭാരമുള്ള വാഹനത്തില്‍ 17 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. സ്റ്റാന്റേര്‍ഡ് ടെലസ്‌കോപ്പിക് ഫോര്‍ക്ക് മുന്നിലും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും ആണ് സസ്‌പെന്‍ഷന്‍. സുരക്ഷ നല്‍കാന്‍ ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം വാഹനത്തിന്റെ മുന്നിലും പിന്നിലും ക്രമീകരിച്ചിട്ടുണ്ട്. റെട്രോ കളറിനൊപ്പം മുന്‍ഭാഗത്തെ വലിയ ഫെയറിങ്, ബോഡിയില്‍ വിവിധ ഭാഗത്തുള്ള ക്രോം കവറിങ്, ബാര്‍ എന്‍ഡ് മിറര്‍ എന്നിവ ജാവ 350 സ്‌പെഷ്യലിനെ വ്യത്യസ്തമാക്കുന്നു. റൗണ്ട് ഹോഡ്‌ലൈറ്റ് കൗള്‍, മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, കഫേ റേസര്‍ മാതൃകയിലുള്ള പിന്‍ഭാഗം എന്നിവ ആരെയും ആകര്‍ഷിക്കുന്നതാണ്.