കൊളീജിയം മൂന്നാമതും മാറ്റിവച്ചു; ജസ്റ്റിസ് കെ.എം. ജോസഫിന്റെ നിയമനം വൈകും

ഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശയില്‍ തീരുമാനമെടുക്കുന്നതിനായി ചേര്‍ന്ന കൊളീജിയം മൂന്നാമതും മാറ്റിവച്ചു.

അവസാനം ചേര്‍ന്ന കൊളീജിയം യോഗത്തില്‍ ജസ്റ്റിസ് കെ.എം.ജോസഫിന്റെ പേര് പ്രത്യേകം അയക്കുന്നതിനു പകരം മറ്റു ഹൈകോടതികളില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടേണ്ട ചീഫ് ജസ്റ്റിസുമാരുടെ പേരുകള്‍ക്കൊപ്പം അയക്കാം എന്നാണ് തീരുമാനിച്ചത്.  ഇതിനായാണ് ബുധാഴ്ച കൊളീജിയം ചേര്‍ന്നത്.  എന്നാല്‍ ഇതില്‍ തീരുമാനമൊന്നുമായില്ല.

വേനല്‍ അവധിക്കുമുമ്പായി കോടതി ഇന്ന് അടയ്ക്കുന്നതിനാല്‍ ജൂലൈ രണ്ടിനു മുമ്പ് കൊളീജിയം ചേരുന്നതിന് സാധ്യതയില്ല.  അതുകൊണ്ടുതന്നെ ജസ്റ്റീസ് കെ.എം. ജോസഫിന്റെ നിയമനം ഇനിയും വൈകും. സുപ്രീം കോടതിയില്‍ 31 ജഡ്ജിമാര്‍ വേണ്ടിടത്ത് ഇപ്പോള്‍ 25 ജഡ്ജിമാരാണ ഉള്ളത്.  ഇവരില്‍ അഞ്ചു പേര്‍ ഈ വര്‍ഷം വിരമിക്കും.  ഇതില്‍ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയും കൊളീജിയം അംഗവുമായ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ജൂണ്‍ 22-ന് വിരമിക്കും.