എസ്എംഎസ് അയച്ച് മൊതലാളിയെ വിജയിപ്പിക്കാന്‍ കളക്ടര്‍ ബ്രോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പോയ വര്‍ഷത്തെ വാര്‍ത്താതാരത്തെ കണ്ടെത്താന്‍ മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിക്കുന്ന ന്യൂസ്‌മേക്കര്‍ 2017 അഭിപ്രായവോട്ടെടുപ്പിന്റെ അന്തിമപട്ടികയില്‍ ഇടം നേടിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് വോട്ട് ചോദിച്ച് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായ പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ്. ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിച്ച ഫേസ്ബുക്ക് പോസ്റ്റിന് വന്‍ സ്വീകരണമാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്.

പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ആളുകള്‍ ഇട്ട കമന്റുകള്‍ക്കും പ്രശാന്ത് നായര്‍ വളരെ രസകരമായ മറുപടികളാണ് നല്‍കിയിട്ടുള്ളത്. അറബിനാട്ടില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ക്ക് കേരളത്തിലെത്താന്‍ നിരവധി കടമ്പകളുണ്ടല്ലോ എന്ന ഒരാളുടെ ചോദ്യത്തിന് ചെറിയ കടമ്പയൊന്നുമല്ല, അറബിക്കടലാണ് കടക്കാനുള്ളത് എന്ന കളക്ടര്‍ ബ്രോയുടെ കമന്റ് വലിയ ഹിറ്റായി. തള്ളുന്ന മുതലാളിയ്ക്ക് ട്രോളുന്ന തൊഴിലാളി എന്നാണ് മറ്റൊരാളുടെ കമന്റ്. ഏതായാലും തന്റെ മുതലാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിനെ വിജയിപ്പിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് കളക്ടര്‍ ബ്രോ എന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.

കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും. NM (space)A എന്നൊരു SMS, 56767123 എന്ന നമ്പറിലേക്ക് അയക്കൂ എന്റെ മൊയ്ലാളിയെ വിജയിപ്പിക്കൂ…എന്നായിരുന്നു പ്രശാന്ത് നായരുടെ പോസ്റ്റ്. ഇതോടൊപ്പം ‘മന്ത്രിപദവും പിന്നെ തള്ളും ട്രോളും: കണ്ണന്താനം പറയുന്നത്, ന്യൂസ്‌മേക്കര്‍ സംവാദം’ എന്ന പേരിലുള്ള കണ്ണന്താനത്തിന്റെ ന്യൂസ് മേക്കര്‍ സംവാദ വീഡിയോയും അദ്ദേഹം ഷെയര്‍ ചെയ്യുകയുണ്ടായി. നടി പാര്‍വതിയും വാര്‍ത്താതാരങ്ങളുടെ അന്തിമപട്ടികയില്‍ ഇടം പിടിച്ചവരില്‍ ഒരാളാണ്.