മുഖ്യമന്ത്രിയുടെ വിമാനയാത്ര; രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് സി.പി.ഐ മന്ത്രിയുടെ ഓഫീസ്; ലക്ഷ്യം മുഖ്യമന്ത്രിയുടെ ഇമേജ് തകര്‍ക്കലും പി.എച്ച് കൂര്യനെ തെറിപ്പിക്കലും

  സിറില്‍ മാത്യു

  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രായുടെ മാധ്യമങ്ങള്‍ക്ക് രേഖകള്‍ ചോര്‍ത്തിയത് സി.പി.ഐ മന്ത്രിയുടെ ഓഫീസ്. കഴിഞ്ഞ ഡിസംബര്‍ 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഹെലികോപ്ടര്‍ യാത്രയുടെ ഫണ്ട് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും നല്‍കിയെന്നായിരുന്നു വിവാദം. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ ഹെലികോപ്ടര്‍ യാത്രനടത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നും
  വിനിയോഗിച്ച തുക ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്നും വിനിയോഗിച്ചു എന്ന രീതിയില്‍ തെറ്റായ വാര്‍ത്ത നല്‍കിയത് സി.പി.ഐയുടെ മന്ത്രിയുടെ ഓഫീസാണ്. മുഖ്യമന്ത്രിയുടെ ഇമേജ് തകര്‍ക്കാനും റവന്യു സെക്രട്ടറി പി.എച്ച് കൂര്യനെ തല്‍സ്ഥാനത്ത് നി്ന്ന് നീക്കാനും നടത്തിയ സി.പി.ഐയുടെ കുതന്ത്രമാണ് ഇതിന് പിന്നില്‍.

  ദുരന്തനിവാരണ ഫണ്ടില്‍ നിന്നും 8ലക്ഷം രൂപയാണ് റവന്യു സെക്രട്ടറി മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്കായി വകയിരുത്തിയത്. പ്രശ്‌നത്തില്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമടക്കം അന്നുതന്നെ വിശദീകരണം നല്‍കിയിരുന്നു. സര്‍ക്കാര്‍ ചോദിച്ചിരുന്ന 13,09,800 രൂപയായിരുന്നെന്നും  നല്‍കാന്‍ കഴിഞ്ഞത് എട്ടു ലക്ഷം രൂപയാണെന്നും അഡിഷണല്‍ ചീഫ് സെക്രട്ടറി പുറത്തുവിട്ട സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പൊതുഫണ്ടില്‍ പണമില്ലാത്തതിനാലാണ് താത്കാലികമായി ദുരിതാശ്വാസഫണ്ടില്‍ നിന്നും തുക വകയിരുത്തിയത്.

  എന്നാല്‍  തെറ്റിധരിപ്പിക്കുന്ന രീതിയില്‍ ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും വിനിയോഗിച്ചു എന്ന് വാര്‍ത്ത നല്‍കുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ മാത്രം നടത്തിയ സാമ്പത്തിക ഇടപാട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് സി.പി.ഐ മന്ത്രിയുടെ ഓഫീസാണ്.

  സര്‍ക്കാര്‍ ചിലവില്‍ മുഖ്യമന്ത്രി നടത്തിയ യാത്ര പാര്‍ട്ടി സമ്മേളന വേദിയിലേക്കുള്ളാതാണെന്ന കാര്യമാണ് സി.പി.ഐ മന്ത്രിയെ ചൊടിപ്പിച്ചത്. സി. പി.ഐക്കെതിരെ സി.പി.എം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ സി.പി.എമ്മിനിട്ട് സി.പി.ഐ മന്ത്രി നല്‍കിയ പണി പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.

  എന്നാല്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി നല്‍കിയ വിശദീകരണം കേന്ദ്രസംഘത്തെ സന്ദര്‍ശിക്കാന്‍ തൃശ്ശൂരില്‍ നിന്നും ഹെലികോപ്ടര്‍ മാര്‍ഗം എത്തുക മാത്രമേ വഴിയുള്ളൂ എന്നതായിരുന്നു. ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേണ്ടിമാത്രമാണ് യാത്ര നടത്തിയതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു.